കൊച്ചി: കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂത ആരാധനാലയങ്ങൾക്കും മറ്റ് ജൂതകേന്ദ്രങ്ങൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ നിലനിന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ.
കാവുംഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ആക്രമണത്തിന് മുമ്പ് ലഭിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ എന്തെല്ലാം സുരക്ഷാ നടപടികൾ സ്വീകരിച്ചു, സംഭവത്തിന് ശേഷം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്, സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്.
രണ്ട് മാസമായി മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജൂത ആരാധനാലയങ്ങൾക്കും ജൂതകേന്ദ്രങ്ങൾക്കും സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂതകേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാനും നിർദേശമുണ്ടായിരുന്നു. എന്നാൽ ആഭ്യന്തര വകുപ്പ് മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വീഴ്ച സംഭവിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഉത്തരവാദിത്വം ഒരു പൊലീസുകാരനിൽ മാത്രം ഒതുങ്ങുന്നതാണോ, സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കേന്ദ്രം വിലയിരുത്തും.
ജൂതകേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജൂത ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയിലും പറവൂരിലെ ജൂതകേന്ദ്രങ്ങളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായാണ് വിവരം.
ഇന്ത്യയിലെ ജൂത പൈതൃകകേന്ദ്രങ്ങൾക്ക് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. അതിനാൽ ഇത്തരം കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കൊപ്പം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുന്നതാണ്.















