തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്രാ സ്വദേശിനി ലൈംഗിക പീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്പറേഷന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. തിരുവനന്തപുരത്തെ സ്പാ ശൃംഖലയില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നയാളാണ് അനുരൂപെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംസ്ഥാനത്തിന് പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതില്‍ ഇയാള്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.
തിരുവനന്തപുരത്തെ വിവിധ സ്പാകളുടെ നടത്തിപ്പില്‍ അനുരൂപിന് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ ലഭിച്ച ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഉള്ളൂര്‍ സോണല്‍ ഓഫീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തിരുന്ന കാലത്താണ് സ്പാ നടത്തിപ്പില്‍ പങ്കാളിയായതെന്നാണ് പൊലീസ് പറയുന്നത്.
അനുരൂപിന്റെ നാല് ബാങ്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വിഴിഞ്ഞത്ത് ജോലി ചെയ്തിരുന്ന സമയത്തും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തിരുമലയിലേക്കും തിരുവല്ലത്തേക്കും സ്ഥലംമാറ്റം ലഭിച്ചു. നിലവില്‍ ഉള്ളൂര്‍ സോണല്‍ ഓഫീസിലായിരുന്നു ജോലി. സംഭവത്തില്‍ അറസ്റ്റിലായതിനു പിന്നാലെ അനുരൂപിനെ കോര്പറേഷന് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്.
കേസില്‍ അറസ്റ്റിലായ നിഷാന്തിനെ കോവളത്ത് ഡ്രീംസ് സ്പാ തുടങ്ങാന്‍ പ്രേരിപ്പിച്ചത് അനുരൂപാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിക്കുന്നതിന് മുമ്പ് അനുരൂപുമായി സംസാരിച്ചിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതില്‍ ഇയാള്‍ക്ക് എന്ത് പങ്കാണുള്ളതെന്ന കാര്യവും വിശദമായി പരിശോധിച്ചുവരികയാണ്. കോവളത്തെ സ്പായിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇടപാടുകാരുടെ ജി പേ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പൊലീസ് സൈബര്‍ സംഘത്തിന് കൈമാറി. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചിട്ടുള്ളത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് പൊലീസിന്റെ നീക്കം. തിരിച്ചറിയല്‍ പരേഡിലൂടെ പെണ്‍കുട്ടി തിരിച്ചറിയുന്നവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസെടുക്കാനുള്ള നടപടികള്‍ പൊലീസ് ആലോചിക്കുന്നുണ്ട്.















