മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കള്‍ ഐപിഎല്‍ ലേലവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തീരുമാനങ്ങളുമായി രംഗത്ത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് 2027 ഐപിഎല്‍ താരലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍, രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് ഇത്തവണ ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയ ആര്യവീറും ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മൊഹിത് ഉല്‍വയും ലേലപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇരുവരുടെയും അടിസ്ഥാനവില 30 ലക്ഷം രൂപയാണ്. ക്രിക്ബസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അണ്ടര്‍ 19 ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് ആര്യവീര്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 90.25 ശരാശരിയില്‍ 361 റണ്‍സാണ് താരം നേടിയത്. 95-ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്. ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ആര്യവീറിന് ഐപിഎല്‍ ലേലത്തിലൂടെ പുതിയ അവസരമാണ് തുറക്കുന്നത്. പാകിസ്ഥാനെതിരായ ഫൈനലിലെ നിര്‍ണായക പ്രകടനമാണ് മൊഹിത് ഉല്‍വയെ ശ്രദ്ധേയനാക്കിയത്. പുറത്താകാതെ 49 റണ്‍സ് നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫൈനലിലെ മികച്ച താരമായും മൊഹിത് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഇന്ത്യയുടെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ലക്ഷ്യ റൈചന്ദാനിയും രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും ഇത്തവണ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇന്ത്യയുടെ ഏഷ്യാ കപ്പ് കിരീടവിജയത്തില്‍ പങ്കാളിയായ പേസര്‍ കാവ്യ പട്ടേലും ലേലത്തില്‍ എത്തിയേക്കും. എന്നാല്‍ ഓള്‍റൗണ്ടര്‍ മനാല്‍ ചൗഹാന്‍ പേര് നല്‍കിയിട്ടില്ല. 2027 ഐപിഎല്‍ താരലേലത്തിനായുള്ള പ്രാഥമിക പട്ടികയില്‍ ആകെ 1,220 താരങ്ങളാണുള്ളത്. ഡിസംബര്‍ ഒന്നിന് ഫ്രാഞ്ചൈസികള്‍ തങ്ങളുടെ അന്തിമ ഷോര്‍ട്ട്ലിസ്റ്റ് സമര്‍പ്പിക്കും. ഇതിനുപുറമെ പരിഗണിക്കേണ്ട പുതിയ താരങ്ങളുടെ പേരുകളും ടീമുകള്‍ക്ക് നിര്‍ദേശിക്കാം. ഇതോടെ അന്തിമ ലേലപ്പട്ടികയുടെ വലുപ്പത്തില്‍ മാറ്റമുണ്ടാകും. ഇന്ത്യന്‍ താരങ്ങളില്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 14 പേരാണ് പ്രാഥമിക പട്ടികയിലുള്ളത്. ആവേശ് ഖാന്‍, ദീപക് ചഹര്‍ എന്നിവര്‍ക്കൊപ്പം ആകാശ് ദീപ്, ജയ്‌ദേവ് ഉനദ്കട്ട്, ദീപക് ഹൂഡ, കരുണ്‍ നായര്‍, കുല്‍ദീപ് സെന്‍, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, സാരംഗ്ഷ് ജെയിന്‍, ശിവം മാവി, തുഷാര്‍ ദേശ്പാണ്ഡെ, ഉമേഷ് യാദവ്, ഉമ്രാന്‍ മാലിക് എന്നിവരും പട്ടികയിലുണ്ട്.
രണ്ട് കോടി രൂപയാണ് ആവേശ് ഖാനും ദീപക് ചഹറും നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവില. ബെന്‍ സ്റ്റോക്‌സിനും ഇതേ അടിസ്ഥാനവിലയാണ്. വിദേശ താരങ്ങളില്‍ അഫ്ഗാനിസ്ഥാന്റെ ഫസല്‍ഹഖ് ഫാറൂഖി, മുജീബ് ഉര്‍ റഹ്‌മാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരും ലേലത്തിനുണ്ട്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്‌സ്, ഡാരില്‍ മിച്ചല്‍, ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ട്രെന്റ് ബോള്‍ട്ട്, ആന്റിച്ച് നോര്‍ജെ, ജെറാള്‍ഡ് കോറ്റ്‌സി, മതീഷ പതിരണ, വാനിന്ദു ഹസരംഗ, ഷായ് ഹോപ്പ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും ലേലപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപ അടിസ്ഥാനവില നിശ്ചയിച്ചവരില്‍ അല്ലാ ഗസന്‍ഫര്‍, ഡാനിയല്‍ സാംസ്, റൈലി മെറിഡിത്ത്, ഡേവിഡ് വീസെ, റാസി വാന്‍ ഡെര്‍ ഡസ്സന്‍, ജെയ്ഡന്‍ സീല്‍സ്, കീമോ പോള്‍ എന്നിവരും ഉള്‍പ്പെടുന്നു.















