കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ പോലീസിന്റെ വന്‍ മയക്കുമരുന്നുവേട്ട. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന രണ്ടരക്കിലോ ചരസുമായി 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫും നെടുമ്പാശ്ശേരി പോലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
ചെറിയ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി. അവിടെനിന്ന് വിമാനമാര്‍ഗം മംഗളൂരുവിലെത്തിയ ഇയാള്‍ പിന്നീട് ട്രെയിനില്‍ തൃശൂരിലേക്ക് യാത്ര ചെയ്തു. തുടര്‍ന്ന് ടാക്സിയില്‍ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മയക്കുമരുന്ന് കൊച്ചി സിറ്റിയിലെത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഞ്ചാവിന്റെ തളിരിലയില്നിന്ന് വേര്‍തിരിച്ചെടുക്കുന്ന അത്യധികം ലഹരിശേഷിയുള്ള മയക്കുമരുന്നാണ് ചരസ്.
മുഹമ്മദ് സിറാജുദ്ദീന് മുന്‍പും ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി. ബിനുകുമാര്‍, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.















