തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലത്തെ തിരക്ക് മുന്നില്‍ക്കണ്ട് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളുമായി ദക്ഷിണ റെയില്‍വേ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തേ തന്നെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. മറ്റ് റെയില്‍വേ സോണുകളുമായി സഹകരിച്ച് ഇന്റര്‍സോണല്‍, ഇന്‍ട്രാസോണല്‍ സര്‍വീസുകളിലായി 204 ട്രിപ്പുകളാണ് ഇതുവരെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യവും റിസര്‍വേഷന്‍ പ്രവണതകളും വിലയിരുത്തി കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും റെയില്‍വേ അറിയിച്ചു. കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍ സ്റ്റേഷനുകളെയാണ് പ്രധാന ട്രാന്‍സിറ്റ് കേന്ദ്രങ്ങളായി സജ്ജമാക്കിയിരിക്കുന്നത്. വിശ്രമം, താമസം, ഭക്ഷണം, ശുചിത്വം, തുടര്‍യാത്ര എന്നിവയ്‌ക്കായി ഈ സ്റ്റേഷനുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമുള്ള മൂന്ന് നില തീര്‍ത്ഥാടക കേന്ദ്രത്തില്‍ ഒരേസമയം 900 പേര്‍ക്ക് താമസിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. 20 ശുചിമുറികളും കുളിമുറികളും, ക്ലോക്ക് റൂം, ഡൈനിങ് ഹാളുകള്‍, മൊബൈല്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. താമസത്തിനായി രണ്ട് നോണ്‍ എസി ഡബിള്‍ ബെഡ് മുറികളും രണ്ട് എസി ഡബിള്‍ ബെഡ് മുറികളും 21 സിംഗിള്‍ ബെഡ് ക്യൂബിക്കിളുകളും ആറ് കിടക്കകളുള്ള നോണ്‍ എസി ഡോര്‍മിറ്ററിയും ഒരുക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള തുടര്‍യാത്ര സുഗമമാക്കാന്‍ കെഎസ്ആര്‍ടിസി ബസ് ബേകളും സജ്ജീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 600 തീര്‍ത്ഥാടകര്‍ക്ക് ഒരേസമയം തങ്ങാവുന്ന മൂന്ന് വിശാലമായ ഷെല്‍ട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. എസി വെയിറ്റിങ് ഹാള്‍, രണ്ട് നോണ്‍ എസി ഡബിള്‍ ബെഡ് മുറികള്‍, നാല് കിടക്കകളുള്ള നോണ്‍ എസി മുറി എന്നിവയും ലഭ്യമാണ്.
ഭക്ഷണത്തിനായി പ്രീമിയം കാറ്ററിങ് ഔട്ട്ലെറ്റിന് പുറമെ പുതിയ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമും തുറന്നിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും വിശ്രമവും ഉറപ്പാക്കുകയാണ് ലക്ഷ്യം. എറണാകുളം ജങ്ഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുണ്ടാകില്ലെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. എസി വെയിറ്റിങ് ഹാളുകള്‍, ഭക്ഷണശാലകള്‍, ക്ലോക്ക് റൂം എന്നിവയ്‌ക്ക് പുറമെ താത്കാലിക പ്രീഫാബ്രിക്കേറ്റഡ് പേ ആന്‍ഡ് യൂസ് ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. കോട്ടയം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രങ്ങളുണ്ട്. അധിക അണ്‍റിസര്‍വ്ഡ്, റിസര്‍വേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തനം ആരംഭിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി തെലുങ്ക്, കന്നഡ, തമിഴ് ഭാഷകള്‍ അറിയാവുന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ഇരുസ്റ്റേഷനുകളിലും സംയുക്ത സഹായ കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ ഭക്ഷണശാലകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ടാക്‌സി സര്‍വീസുകള്‍ക്ക് പ്രത്യേക സീസണല്‍ പെര്‍മിറ്റുകളും അനുവദിച്ചു. തിരക്കിനൊപ്പം സുരക്ഷയ്‌ക്കും റെയില്‍വേ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ആര്‍പിഎഫ് സേനാംഗങ്ങളെ വിവിധ സ്റ്റേഷനുകളില്‍ വിന്യസിച്ചു. നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ അട്ടിമറി വിരുദ്ധ പരിശോധനകളും നടത്തുന്നുണ്ട്. ക്രൈം പ്രിവന്‍ഷന്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കാന്‍ സെന്റ് ജോണ്‍ ആംബുലന്‍സ് ബ്രിഗേഡ്, റെയില്‍വേ മെഡിക്കല്‍ വിഭാഗം, ആരോഗ്യവകുപ്പ് എന്നിവയുടെ ക്വിക്ക് റെസ്പോണ്‍സ് ടീമുകളും സജ്ജമാണ്. കേരള റെയില്‍വേ പൊലീസും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ ചെങ്ങന്നൂര്‍, എറണാകുളം ജങ്ഷന്‍, കോട്ടയം സ്റ്റേഷനുകളില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിനെ വിന്യസിക്കും. പ്രത്യേക ട്രെയിനുകള്‍, യാത്രാസൗകര്യങ്ങള്‍, തിരക്ക് നിയന്ത്രണം എന്നിവ വിവിധ റെയില്‍വേ വകുപ്പുകള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്.















