തൃശൂർ: മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിനോട് ചേർന്ന ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങൾ പൊളിയുന്നു. മരിച്ച മാക്കുട്ടി റാവുത്തറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണങ്ങളുമായി പൊരുത്തപ്പെടാത്ത കണ്ടെത്തലുകളുള്ളത്. മരണം സംഭവിച്ച് 36 മുതൽ 72 മണിക്കൂർ വരെയായിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. വിശദമായ റിപ്പോർട്ട് പേരാമംഗലം പോലീസിന് കൈമാറി.
മാക്കുട്ടി റാവുത്തറെ വ്യാഴാഴ്ച മുതലാണ് കാണാതായതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ 16-ാം തീയതി മുതൽ രോഗിയുടെ അസാന്നിധ്യം ഡോക്ടർമാർ റൗണ്ട്സിനിടെ രേഖപ്പെടുത്തിയിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 19-ാം തീയതി മുതലാണ് രോഗിയെ കാണാതായതെന്ന ആശുപത്രി അധികൃതരുടെ വാദവുമായി ഇത് പൊരുത്തപ്പെടുന്നില്ല. രോഗി മരുന്ന് വാങ്ങിയതായി പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശുചിമുറി കൃത്യമായി വൃത്തിയാക്കിയിരുന്നുവെന്ന ജീവനക്കാരുടെ മൊഴിയും റിപ്പോർട്ടിലെ കണ്ടെത്തലുകളും തമ്മിൽ വൈരുധ്യമുണ്ട്. നവംബർ 20-ന് ശുചിമുറി വൃത്തിയാക്കിയെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയെന്നുമായിരുന്നു ജീവനക്കാരുടെ വിശദീകരണം. എന്നാൽ എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നില്ലെന്നും ഒരു ദിവസം ഇടവിട്ടായിരുന്നു ശുചീകരണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ഫ്രീസറിൽനിന്ന് പുറത്തെടുത്തപ്പോഴുള്ള പരിശോധനകളിലാണ് മരണത്തിന് ശേഷമുള്ള സമയദൈർഘ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ശരീരത്തിലെ ആന്തരിക അവയവങ്ങളിൽ ചിലത് അഴുകിത്തുടങ്ങിയിരുന്നതായും ഭക്ഷണാവശിഷ്ടങ്ങളുടെയോ മരുന്നുകളുടെയോ സാന്നിധ്യം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നാണ് വിവരം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാവുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും തുടരുന്നുണ്ട്.















