തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളിലെ അക്രമരാഷ്‌ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൻ. പഠിക്കാനല്ല, രാഷ്‌ട്രീയ നേതാക്കന്മാരാകാനാണ് ചിലർ കോളേജുകളിലെത്തുന്നതെന്നും ഇത്തരം വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്ന മറ്റുള്ളവരെ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശങ്ങൾ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിലടക്കം നടന്ന പ്രതിഷേധങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ വിസിയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്.
കോളേജുകളിൽ എത്തുന്ന ഒരു വിഭാഗത്തിന് പഠനമല്ല ലക്ഷ്യമെന്നും അവർ ഒന്നിലധികം കോഴ്സുകളിൽ ചേർന്ന് വർഷങ്ങളോളം ക്യാമ്പസ് രാഷ്‌ട്രീയത്തിൽ തുടരുകയാണെന്നും മോഹനൻ കുന്നുമ്മേൻ പറഞ്ഞു. ഇത്തരം ആളുകൾ യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും സംഘടനകളുടെ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നു. സംഘടനകൾക്ക് വലിയ ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്ന കാര്യവും പലരും തിരിച്ചറിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
90 മുതൽ 95 ശതമാനം വരെ വിദ്യാർത്ഥികളും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. എന്നാൽ ചെറിയൊരു വിഭാഗത്തിന്റെ ഭീഷണിയും ഇടപെടലുകളും കാരണം സർക്കാർ കോളേജുകളിൽ പ്രവേശനം നേടാൻ പോലും വിദ്യാർത്ഥികൾ ഭയപ്പെടുന്ന സാഹചര്യമുണ്ട്. പഠിക്കാൻ എത്തുന്ന കുട്ടികളെ സംഘടനകളുടെ പേരിൽ ഹൈജാക്ക് ചെയ്യുകയാണ്. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ബുദ്ധിയും കഴിവുമാണ് ഏക സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പല രാഷ്‌ട്രീയ നേതാക്കളുടെയും മക്കൾ വിദേശത്താണ് പഠിക്കുന്നത്. എന്നാൽ സാധാരണക്കാരുടെ മക്കൾക്ക് ആശ്രയിക്കാനുള്ളത് കേരളത്തിലെ സർക്കാർ കോളേജുകളാണെന്നും അവിടെയെത്തുന്ന വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിസി വിമർശിച്ചു.
ഈ മാസം 28ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ഡോ. മോഹനൻ കുന്നുമ്മേൻ. കേരള സർവകലാശാലയുടെയും ആരോഗ്യ സർവകലാശാലയുടെയും വൈസ് ചാൻസലർ പദവികളിൽ പ്രവർത്തിച്ച കാലയളവിലെ നേട്ടങ്ങളും അദ്ദേഹം അഭിമുഖത്തിൽ വിശദീകരിച്ചു. നാല് വർഷത്തിനിടെ കേരള സർവകലാശാലയിൽ രണ്ടുലക്ഷത്തോളം ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഒപ്പുവെച്ചതായും 15,000 പിഎച്ച്ഡികൾ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ പ്രമോഷൻ, എൻഐആർഎഫ് റാങ്കിങ്ങിലെ മുന്നേറ്റം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്നിവയും നേട്ടങ്ങളായി ചൂണ്ടിക്കാട്ടി.
വിരമിച്ചാലും സമൂഹത്തിൽ സജീവമായി തുടരുമെന്നും ഡോക്ടറായും അധ്യാപകനായും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും മോഹനൻ കുന്നുമ്മേൻ പറഞ്ഞു.















