പാലക്കാട്: പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി സഹപാഠിക്കുനേരെ തോക്കുപയോഗിച്ച് വെടിയുതിർത്ത സംഭവം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടി തോക്കുമായെത്തിയതെന്നും ടി.എം. ശശി എംഎൽഎ. പഴമ്പാലക്കോട് എസ്.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആലത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടി മനഃപൂർവമാണ് വെടിയുതിർത്തതെന്നും ശശി ആരോപിച്ചു.
പാലക്കാട് പരുതൂർ സ്കൂളിൽ നടന്ന വെടിവയ്പ്പ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. കുട്ടിയെ അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ബോർഡ് ഉത്തരവിട്ടു.
വെടിവയ്പ്പിൽ സഹപാഠിയുടെ ശരീരത്തിൽ പതിച്ച വെടിയുണ്ട തൃത്താല പൊലീസ് ഫൊറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. വെടിയുണ്ടയുടെ ശാസ്ത്രീയ പരിശോധനയിലൂടെ തോക്കിനെക്കുറിച്ചും വെടിവയ്പ്പുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
സംഭവത്തിന് ഉപയോഗിച്ച തോക്ക് ലൈസൻസില്ലാത്ത നാടൻ കൈത്തോക്കാണെന്നാണ് കണ്ടെത്തൽ. തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ ആംസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തോക്ക് എങ്ങനെ കുട്ടിയുടെ കൈവശമെത്തി, വെടിവയ്പ്പിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.















