തലശേരി: എം. പത്മകുമാർ സംവിധാനം ചെയ്ത ‘ഉയിർ’ സിനിമയ്‌ക്ക് പ്രമേയമായ ശോഭ കൊലക്കേസിൽ രണ്ടാം ഭർത്താവ് ടി.ആർ. മഞ്ജുനാഥ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കർണാടക തുംകൂർ തിമ്മരാജനഹള്ളി സ്വദേശിയായ മഞ്ജുനാഥിനുള്ള ശിക്ഷ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) നാളെ പ്രഖ്യാപിക്കും.
ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഇരിട്ടിയിൽ ടെന്റ് കെട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ശോഭയെ മഞ്ജുനാഥ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ശോഭയുടെ രണ്ട് മക്കളും അന്ന് ഇവർക്കൊപ്പമുണ്ടായിരുന്നു.
കൊലപാതകത്തിന് പിന്നാലെ മഞ്ജുനാഥ് അടുത്ത ദിവസം ബസിൽ ബെംഗളൂരുവിലേക്ക് കടന്നു. അവിടെ റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടികളെ ട്രെയിനിൽ കയറ്റി വിട്ടു. സംഭവം നടന്ന് ഒരു മാസം തികഞ്ഞ ഫെബ്രുവരി 21നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചോദ്യംചെയ്യലിൽ പുറത്തുവന്നത് മറ്റൊരു കൊലപാതകം
മഞ്ജുനാഥിനെ ചോദ്യംചെയ്തപ്പോഴാണ് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെയും കൊലപ്പെടുത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നത്. മഞ്ജുനാഥും ശോഭയും ചേർന്ന് രാജുവിന്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം വനത്തിലെത്തിച്ച് കത്തിച്ചുകളഞ്ഞെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിവരം പൊലീസിനെ അറിയിക്കുമെന്ന് ശോഭ പറഞ്ഞതോടെയാണ് അവരെയും കൊലപ്പെടുത്തിയതെന്നാണ് കേസ്.
കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന അന്വേഷണം നിർണായക തെളിവുകൾ ശേഖരിച്ചാണ് പൊലീസ് മുന്നോട്ടുകൊണ്ടുപോയത്. ശോഭയുടെ കുട്ടികളെ മുംബൈയിൽനിന്ന് കണ്ടെത്തിയതും കേസിൽ നിർണായകമായി. അന്ന് പ്രൊബേഷൻ എസ്‌ഐയായിരുന്ന അൻഷാദായിരുന്നു അന്വേഷണത്തിൽ പ്രധാന പങ്കുവഹിച്ചത്. കേസിൽ 25-ാം സാക്ഷിയായി അൻഷാദിനെയും വിസ്തരിച്ചു.
നിലവിൽ തിരൂർ സി.ഐയായ അൻഷാദിന്റെ സംരക്ഷണത്തിലാണ് കുട്ടികൾ. അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ ശോഭയുടെ പതിനഞ്ചുകാരനായ മകനും കോടതിയിൽ മൊഴി നൽകിയിരുന്നു.
കൊലപാതകവും അതിന്റെ അന്വേഷണവുമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ‘ഉയിർ’ സിനിമയുടെ പ്രമേയത്തിന് ആധാരമായത്. വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ കേസിൽ ഇനി ശിക്ഷാവിധിയാണ് നിർണായകമാകുന്നത്.















