പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് 3.45ഓടെ പെരുനാട് വയറൻമരുതിയിലാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികളായ തീർത്ഥാടക സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
വയറൻമരുതിയിലെ എസ്എൻഡിപി ശാഖാ കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിയുടെ മുകളിലേക്കാണ് വാൻ മറിഞ്ഞത്. അപകടസമയത്ത് വാഹനത്തിൽ 16 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കെട്ടിടത്തിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
യാത്രയ്ക്കിടെ അൽപനേരം വിശ്രമിച്ചശേഷം വാഹനം മുന്നോട്ടെടുത്ത് ഏകദേശം 200 മീറ്റർ സഞ്ചരിച്ചപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട വാൻ റോഡരികിലെ ബാരിക്കേഡ് ഇടിച്ചുതകർത്ത ശേഷമാണ് കെട്ടിടത്തിലേക്ക് മറിഞ്ഞത്.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ തുടരുകയാണ്.















