ചെന്നൈ: തമിഴ്നാട്ടിലെ പ്രളയ ബാധിതരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വെള്ളത്തിലിറങ്ങുമ്പോള്‍ ധരിക്കാന്‍ ചെരിപ്പ് എടുത്ത് നല്‍കിയത് ആതിഥ്യമര്യാദ കൊണ്ടാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വി. നാരായണസ്വാമി. രാഹുല്‍ തങ്ങളുടെ അതിഥിയാണെന്നും ദക്ഷിണേന്ത്യക്കാര്‍ അതിഥികളെ സ്വീകരിക്കുന്ന പാരമ്പര്യമുള്ളവരാണെന്നും വി. നാരായണസ്വാമി പറഞ്ഞു.
മന്മോഹന് സിംഗ് മന്ത്രിസഭയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു വി. നാരായണസ്വാമി. നിലവില്‍ പുതുച്ചേരി എംപി കൂടിയാണ്. ഇന്നലെ രാഹുല്‍ പുതുച്ചേരിയില്‍ പ്രളയബാധിതരെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഷൂ ഊരി വെള്ളത്തിലിറങ്ങാന്‍ തുടങ്ങിയ രാഹുലിന് നാരായണസ്വാമി തന്റെ കാലില്‍ കിടന്ന ചെരിപ്പ് ഊരി നല്‍കുകയായിരുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് 68 കാരനായ നാരായണസ്വാമി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും പുറത്തുവന്നതോടെ ദേശീയ മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും സോഷ്യല്‍ മീഡിയയില്‍ വിലയ ചര്‍ച്ചകള്‍ക്കിടയാക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ പാദസേവയുടെ അടയാളമെന്ന നിലയ്ക്കാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
എന്നാല്‍ ഇത്തരമൊരു സംസ്കാരം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് നാരായണസ്വാമി പറഞ്ഞു. യാത്രയില്‍ രാഹുല്‍ തന്നെയാണ് തന്റെ ഷൂസ് എടുത്തതെന്നും സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് പോലും അദ്ദേഹം അത് എടുപ്പിച്ചില്ലെന്നും നാരായണസ്വാമി ചൂണ്ടിക്കാട്ടി. താന്‍ ചെരിപ്പൂരി നല്‍കിയതില്‍ അഭിമാനിക്കുന്നതായും നാരായണസ്വാമി പറഞ്ഞു.