സോനെപൂർ : മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും , കോൺഗ്രസ് നേതാവുമായിരുന്ന പ്രബോധ് ടിർക്കി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമലാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, മുതിർന്ന ബിജെപി നേതാവ് ജയനാരായണൻ മിശ്ര, ബൊലാൻഗീർ എംപി സംഗീത കുമാരി സിംഗ് ദിയോ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ച ദിവസമാണ് ടിർക്കി ബിജെപിയിൽ ചേർന്നത്. സുന്ദർഗഢ് ജില്ലയിലെ തൽസാര അസംബ്ലി സീറ്റിൽ കോൺഗ്രസ് ടിർക്കിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു . എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും പകരം ദേവേന്ദ്ര ബിതാരിയയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് പിന്നിലെ കാരണം പോലും അറിയിക്കാതെ കോൺഗ്രസ് തന്നെ അപമാനിച്ചെന്ന് ടിർക്കി പറഞ്ഞിരുന്നു . ‘ കോൺഗ്രസ് നേതൃത്വം എന്നെ വഞ്ചിച്ചതായി തോന്നുന്നു. അവർ എന്റെ വിശ്വാസത്തെ ചതിച്ചു,‘-എന്നും ടിർക്കി പറഞ്ഞിരുന്നു .