പിണറായി വിജയന്റെ മണ്ഡലത്തിൽ വ്യാപകകളളവോട്ട്; തെളിവുമായി യു.ഡി.എഫ്

കണ്ണൂർ: എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയും പി.ബി.അംഗവുമായ പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് സി.പി.എം വ്യാപകമായി കളളവോട്ടു ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷനും, ജില്ലാ വരണാധികാരിയ്ക്കും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. അഡ്വ. ടി.പി ഹരീന്ദ്രനാണ് പരാതി സമർപ്പിച്ചത്.

തെളിവായി, ഒരാൾ ഒന്നിൽ കൂടുതൽ ബൂത്തുകളിൽ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും യു.ഡി.എഫ് ഹാജരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിരുന്ന വെബ്‌കാസ്റ്റിംഗ് വീഡിയോ ദൃശ്യങ്ങൾ തന്നെയാണ് തെളിവായി ഹാജരാക്കിയിരിക്കുന്നത്.

122,124,125,132,133 ബൂത്തുകളിൽ കളളവോട്ട് നടന്നിട്ടുണ്ട്. അഞ്ചു ബൂത്തുകളിലായി ഇരുപത്തിയൊന്ന് കളളവോട്ടുകൾ നടന്നിട്ടുളളത് ഇതു വഴി വ്യക്തമാണ്. വാർഡ് മെമ്പർ അടക്കമുളളവർ കളളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് തങ്ങൾ സമർപ്പിച്ചിട്ടുളളതെന്നും യു.ഡി.എഫ് അവകാശപ്പെട്ടു.

പതിനെട്ടാം വാർഡ് മെമ്പർ എം. നവ്യയാണ് രണ്ടിടത്ത് വോട്ടു രേഖപ്പെടുത്തിയത്. നവ്യയുടെ വോട്ട് നൂറ്റിമുപ്പത്തിമൂന്നാം നമ്പർ ബൂത്തിലാണ്. എന്നാലിവർ നൂറ്റിമുപ്പത്തിരണ്ടാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദൃശ്യങ്ങളും തെളിവായി നൽകിയിട്ടുണ്ട്.

അതുപോലെ നൂറ്റിയിരുപത്തിനാലാം നമ്പർ ബൂത്തിൽ വോട്ടുളള കെ.നിജീഷും തന്റെ ബൂത്ത് കൂടാതെ നൂറ്റിയിരുപത്തിയഞ്ചാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. നിലവിലുളള തെളിവനുസരിച്ച് ആകെ 21 കളളവോട്ടുകൾ ഇത്തരത്തിൽ ചെയ്യപ്പെട്ടിട്ടുണ്ടെന്നും യു.ഡി.എഫ് പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം സി.പി.എം തളളിക്കളയുകയാണ് ചെയ്യുന്നത്.

Close