തിരുവനന്തപുരം: പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ ഒപ്പം ഇന്ന് തീയേറ്ററുകളിൽ. മോഹൻലാൽ അന്ധനായി എത്തുന്ന ചിത്രം ക്രൈം തില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ ആരവം തീർത്ത പ്രിയൻ-ലാൽ കൂട്ടുകെട്ട് ഒരിടവേളയ്ക്ക് ശേഷം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ. ആരോ ഒരാൾ ഒപ്പമുണ്ട് നിഴൽ പോലെ. എന്ന വിശേഷണത്തോടെയെത്തുന്ന ഒപ്പം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഒരു കൊലപാതകവും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. അന്ധനായ ജയരാമൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദർശൻ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എം.ജി.ശ്രീകുമാറും ശ്രേയ ജയദീപും പാടിയ മിന്നാമിനുങ്ങേ എന്ന ഗാനം ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഹരിനാരായണൻറേയും മധു വാസുദേവൻറേയും വരികൾക്ക് നാലു യുവ സംഗീത സംവിധായകരുടെ കൂട്ടായ്മയായ ഫോർ ഫ്രെയിമാണ് സംഗീതം പകർന്നിരിക്കുന്നത്.
വിമലാരാമൻ, ബേബി മീനാക്ഷി, നെടുമുടിവേണു, സമുദ്രക്കനി, അനുശ്രീ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. 2013ൽ പുറത്തിറങ്ങിയ ഗീതാഞ്ജലിക്ക് ശേഷമെത്തുന്ന ലാൽ-പ്രിയൻ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.