ഓണത്തിനീണമേകി വീണ്ടും രവീന്ദ്രസംഗീതം

ആറ്റിൽ ആനച്ചന്തം ചിന്തും ആറന്മുളയോടം എന്ന ഗാനം ഈ ഓണക്കാലത്ത്, മലയാളത്തിന് തിരുവോണത്തിന്‍റെ മറ്റൊരു മധുരമാകുന്നു. രവീന്ദ്രൻ സംഗീതസംവിധാനം നിർവ്വഹിച്ച ഈ ഗാനം പാടിയതാകട്ടെ കെ.എസ്.ചിത്രയും.

മലയാളിത്തമുള്ള പാട്ടുകൾ കേൾക്കണമെങ്കിൽ ജോൺസൺ മാഷിന്‍റെയും രവീന്ദ്രൻ മാഷിന്‍റെയും ഗാനങ്ങളിലേക്ക് തിരികെ പോകണം. അതിലൊന്നാണ് രവീന്ദ്രൻ മാഷിന്‍റെ ആറന്മുളയോടം. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ഗാനം വീണ്ടും തരംഗമാകുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ. ഒപ്പം, വൈകല്യങ്ങളെ അതിജീവിച്ച് റിയാലിറ്റി ഷോയിലൂടെ താരമായ സുകേഷ് കുട്ടനും.

ഇത്തിരിപ്പൂവ് എന്ന ഓണം ആൽബത്തിലെ ഈ പഴയ ഗാനം രചിച്ചത് ആർ.കെ.ദാമോദരൻ. ഉണ്ണിമേനോനും ചിത്രയും ചേർന്ന് ആലപിച്ച മനോഹരഗാനം, ചിത്രയുടെ ഉടമസ്ഥതയിലുള്ള ഓഡിയോ ട്രാക്സാണ് പുതിയ വേർഷനിൽ വീണ്ടും ആസ്വാദകരിലേക്ക് എത്തിച്ചത്.

കാലമെത്ര കഴിഞ്ഞാലും മലയാളം മറക്കില്ല മണ്ണിന്‍റെ മണം പേറുന്ന നല്ല ഗാനങ്ങളെ എന്നതിന് ഉദാഹരണമാണ് ഈ ഗാനം. പുതുരുചി തേടി പോകുന്ന ന്യൂ ജെൻ കാലത്തിന്‍റെ ആരവങ്ങൾക്കിടയിലും, തലമുറകൾ നെഞ്ചോട് ചേർക്കുന്നു, കാറ്റിൽ വഞ്ചിപ്പാട്ടിൽ നീന്തുമീ ആറന്മുളയോടത്തെ.

Close