ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ ദേശീയവാദി നേതാവ് നവാബ് അക്ബര്‍ ഖാന് ബുഗ്തിയെ 2006 ല്‍ സൈനിക നടപടിയിലൂടെ വധിച്ചതുമായി ബന്ധപ്പെട്ട് മുന്‍ സൈനിക മേധാവിയും പാക് പ്രസിഡന്റുമായിരുന്ന പര്‍വ്വേസ് മുഷാറഫിനെതിരേ അറസ്റ്റ് വാറണ്ട്. ബലൂച് ഹൈക്കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസില്‍ മുഷാറഫിനെ തീവ്രവാദ വിരുദ്ധ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേ നല്കിയ അപ്പീല്‍ പരിഗണിക്കവേയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വാറണ്ട് പുറപ്പെടുവിക്കാന്‍ ഉത്തരവിട്ടത്. സുരക്ഷാ കാരണങ്ങളാലാണ് മുഷാറഫ് കോടതിയില്‍ ഹാജരാകാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ അദ്ദേഹത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റീസുമാരായ ജമാല്‍ മാണ്ടോഖൈല്, സഹീറുദ്ദീന്‍ ഖഖാര്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചു.
നവാബ് അക്ബര്‍ ഖാന് ബുഗ്തിയുടെ മകന് ജാമില്‍ ബുഗ്തിയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും മുഷാറഫ് കോടതിയില്‍ ഹാജരാകുന്നില്ലെന്ന് ജാമില്‍ ബുഗ്തിയുടെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് മുഷാറഫിന്റെ അഭിഭാഷകന് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
2006 ഓഗസ്റ്റ് 26 നാണ് നവാബ് അക്ബര്‍ ഖാന് ബുഗ്തി സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത്. നിലവില്‍ മുഷാറഫ് വിദേശത്താണ്.