ഇന്ന് ബുദ്ധപൂർണ്ണിമ

ഇന്ന് ബുദ്ധപൂർണ്ണിമ. ലോകമെമ്പാടുമുളള ബുദ്ധമത വിശ്വാസികൾ ശ്രീബുദ്ധന്‍റെ ജൻമദിനമായാണ് ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നത്. ബുദ്ധ ദേവന്‍റെ നിർവ്വാണ പ്രാപ്തിയുടെ വാർഷികമായും ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നു.

വൈശാഖമാസത്തിലെ പൗർണ്ണമിനാളിലാണ് ബുദ്ധമതവിശ്വസികൾ ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നത്. ഗയയിലെ മഹാബോധിവൃക്ഷചോട്ടിൽ ശ്രീബുദ്ധന് ബോധോദയമുണ്ടായത് ബുദ്ധപൂർണ്ണിമ ദിനത്തിലാണന്നാണ് വിശ്വാസം. സാരനാഥിലും കുശിനഗറിലുമുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ വിശ്വാസികളുടെ വലിയ തിരക്കാണ് ഈ ദിനത്തിൽ അനുഭവപ്പെടുന്നത്.

ഇന്ത്യയെ കൂടാതെ ശ്രീലങ്ക, തായ് ലെന്‍റ്, നേപ്പാൾ, ഉത്തരകൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ബുദ്ധപൂർണ്ണിമ ആഘോഷമുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി,വിശ്വാസികൾ ശുഭ്രവസ്ത്രധാരികളായി ഒന്നിച്ച് കൂടി, പൂജകളും പ്രാത്ഥനകളും നടത്തുകയും, ഭക്ഷണവും വസ്ത്രങ്ങളും ദാനമായി നൽകുകയും ചെയ്യുന്നു.

ശ്രീലങ്കയിൽ വേസക് എന്ന പേരിലാണ് ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നത്. ശ്രീലങ്കക്കാർക്ക് ഇത് സിംഹള സാമ്രാജ്യം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ആഘോഷം കൂടിയാണ്. ഉത്തര കൊറിയയിൽ ബുദ്ധപൂർണ്ണിമ ബുദ്ധന്‍റെ ജൻമദിനമായാണ് ആഘോഷിക്കുന്നത്.സിംഗപ്പൂരിൽ ബുദ്ധവിഹാരങ്ങൾ കൊടികളും പൂക്കളും കൊണ്ട് അലങ്കരിക്കുന്നു.

Close