ഖത്തർ ഒറ്റപ്പെടുന്നു; കമ്പനികൾ വിമാന സർവീസുകൾ അവസാനിപ്പിക്കുന്നു

ദുബായ്: ഖത്തർ അറബ് ലോകത്ത് ഒറ്റപ്പെടുന്നു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ യെമനും ലിബിയയും ഖത്തറുമായിയുള്ള ബന്ധം വിച്ഛേദിച്ചു.ഈ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനസർവീസുകൾ അവസാനിപ്പിക്കുകയാണ്. അബുദാബിയിൽ നിന്നുള്ള എത്തിഹാദ് എയർവെയ്സ് ദോഹയിലേക്കും തിരിച്ചും ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ല.

ദുബായിൽനിന്ന് ദോഹയിലേക്കു സർവീസ് നടത്തുന്ന ഫ്ലൈ ദുബായിയും ചൊവ്വാഴ്ച മുതല്‍ സർവീസ് നിർത്തിവെയ്ക്കും. ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള അവസാന എമിറേറ്റ്സ് എയർലൈൻസിന്റെ സര്‍വീസ് നാളെ പുലര്‍ച്ചെ 2.30ന് ആയിരിക്കും സര്‍വീസ് നടത്തുക.

എത്തിഹാദിലും എമിറേറ്റ്സിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും. സൗദിയ, ഗൾഫ് എയർ, ഈജിപ്ത് എയർ എന്നീ വിമാനക്കമ്പനികളും സർവീസ് നിര്‍ത്തിവെക്കാൻ തയാറെടുക്കുന്നുണ്ട്. അതേ സമയം ഖത്തർ എയർവെയ്സ് സൗദിയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചു.

Close