സൗദി ആരോഗ്യമന്ത്രാലയവുമായി നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ് പുതിയ കരാറില്‍ ഒപ്പുവച്ചു

സൗദി : സൗദിയില്‍ ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ മേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സൗദി ആരോഗ്യമന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ് കരാറില്‍ ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 2015 മുതല്‍ റിക്രൂട്ടിംഗ് മേഖലയില്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന നോര്‍ക്ക റൂട്‌സ് ആദ്യമായിട്ടാണ് ഒരു വിദേശ രാജ്യത്തെ ആരോഗ്യമന്ത്രലയവുമായി കരാറിലെത്തുന്നത്.

സൗദി ആരോഗ്യമന്താലയം മാനവവിഭവ ശേഷി വിഭാഗം ജനറല്‍ മാനേജര്‍ ആയിദ് അല്‍ ഹര്‍ത്തി ,നോര്‍ക്ക റൂട്‌സ് സിഇഒ ഡോക്ടര്‍ രാഘവന്‍ , ഐ.ആര്‍ .എസ് നോര്‍ക്ക ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ എന്നിവരാണ് റിക്രൂട്ട്‌മെന്റ് കരാറില്‍ ഒപ്പുവച്ചത് .സൗദി ആരോഗ്യമന്ത്രലയം പ്രധിനിധി ഡോക്ടര്‍ മുഹമ്മദ് ദിഖായ്‌തെര്‍, ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് , ശിഹാബ് കൊട്ടുകാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

നിലവില്‍ സൗദിയിലെ നിരവധി സ്വകാര്യാശുപത്രികള്‍ നോര്‍ക്കയുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് . ഇതുവരെ 1000 ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ മികച്ച ജോലി സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞു .യു ,എ ഇ ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ആരോഗ്യമന്ത്രലയവുമായും ഉടന്‍ കരാറില്‍ ഏര്‍പ്പെടുമെന്നു നോര്‍ക്ക സി ഇ ഓ ഡോക്ടര്‍ രാഘവന്‍ വ്യക്തമാക്കി .തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന ഏജന്‍സിയും തൊഴില്‍ സ്ഥാപനവും തമ്മിലാണ് കരാര്‍ എന്നതിനാല്‍ തൊഴിലാളികള്‍ക്ക് തങ്ങള്‍ നേരിടുന്ന ഏതു പ്രശ്‌നത്തെ കുറിച്ചും നോര്‍ക്കയില്‍ പരാതിപ്പെടാനും പരിഹാരം കണ്ടെത്താനും സാധിക്കും. അതാതു സമയത്തു ലഭ്യമാകുന്ന തൊഴില്‍ അവസരങ്ങളെ കുറിച്ച് നോര്‍ക്ക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും .

നിലവില്‍ ചില സ്വകാര്യ ഏജന്‍സികള്‍ സൗദി മന്ത്രലയവുമായി ബന്ധപെട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക റൂട്‌സ് രംഗത്തേക്ക് വരുന്നത് ആദ്യമായാണ്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിട്‌മെന്റും നോര്‍ക്ക മുഖേനെയാക്കാന്‍ പദ്ധതിയുണ്ട്.

 

Close