പിസി ജോർജിനെതിരെ വീണ്ടും വനിതാ കമ്മീഷൻ

തിരുവനന്തപുരം: പിസി ജോർജിനെതിരെ വീണ്ടും വനിതാ കമ്മീഷൻ. വനിതാ കമ്മീഷനെന്ന് കേട്ടാൽ താൻ പേടിക്കില്ലെന്ന പിസിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.

ജനപ്രതിനിധികൾ നിയമസംവിധാനങ്ങളോട് കൂറ് പുലർത്തണം. പിസി ജോർജിന്റെ പ്രസ്താവന പദവി മറന്നുള്ളതാണ്. കമ്മീഷനെ അപകീർത്തിപ്പെടുത്താനുള്ള പിസി ജോർജിന്റെ ശ്രമം വിലപ്പോകില്ലെന്നും വിശദീകരണം കേൾക്കുമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൻ എംസി ജോസഫൈൻ പറഞ്ഞു.

പിസി ജോർജിനെതിരെ കമ്മീഷൻ നാളെ കേസ് രജിസ്റ്റർ ചെയ്യും സ്‌പീക്കറുടെ അനുമതി ലഭിച്ചാലുടൻ കമ്മീഷൻ പിസി ജോർജിനെ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തും.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോർജി നടത്തിയ പ്രസ്താവനകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് വനിതാ കമ്മീഷൻ പിസി ജോർജിനെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാനും മൊഴി രേഖപ്പെടുത്താനും നിർദ്ദേശം നൽകിയത്. പിസി ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശവും കമ്മീഷന് ലഭിച്ചിരുന്നു.

എന്നാൽ കമ്മിഷന്റെ നടപടിക്ക് പരിഹാസത്തിന്റെ ഭാഷയിലാണ് ജോർജ് മറുപടി നൽകിയത്. കമ്മീഷൻ തന്റെ മൂക്ക് ചെത്താൻ വരേണ്ടെന്നും സൌകര്യപ്രദമായ ദിവസമാണെങ്കിൽ കമ്മീഷൻ വിളിക്കുന്ന ദിവസം ഹാജരാകുമെന്നുമായിരുന്നു പിസി ജോർജിന്റെ പ്രസ്താവന. നാട്ടിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ട് തന്റെ നേർക്ക് വന്നാൽ മതിയെന്നും പിസി ജോർജ് പറഞ്ഞിരുന്നു.

Close