വേങ്ങരയിൽ കെ. ജനചന്ദ്രൻ മാസ്റ്റർ എൻഡിഎ സ്ഥാനാർത്ഥി

ന്യൂഡൽഹി: വേങ്ങരയിൽ തെരഞ്ഞെടുപ്പ് ചിത്രം പൂർണം. എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.ജനചന്ദ്രൻ മാസ്റ്റർ ജനവിധിതേടും. ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി കെ ജനചന്ദ്രൻ മാസ്റ്ററെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് ചിത്രം പൂർണമായി. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന സമിതി അംഗവും കൂടിയാണ് ജനചന്ദ്രന്‍ മാസ്റ്റര്‍. ബിജെപി മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് ​കൂടിയായ ജനചന്ദ്രൻ മാസ്റ്റർ താനൂര്‍ സ്വദേശിയാണ്​.

1982, 87, 95 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1989, 91, 96, 2009 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും മത്സര രംഗത്തുണ്ടായ തെരഞ്ഞെടുപ്പ് പരിചയവുമായാണ്‌ അദ്ദേഹം വേങ്ങര ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഇതിനു പുറമേ ജനതാപാര്‍ട്ടി താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, താനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

നാമ നിർദ്ദേശപത്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിനമായ നാളെ അദ്ദേഹം നാമ നിർദ്ദേശപത്രിക സമർപ്പിക്കും.

വേങ്ങരയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഗുർദാസ്പൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി സ്വരൻ സിംഗ് സലാറിയയേയും കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.

Close