ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ വാഹന പാർക്കിംഗ് സൗജന്യം. ദേശീയദിന അവധിയോടനുബന്ധിച്ച് മെട്രോ റെയിലിന്റേയും ട്രാമിന്റേയും സമയക്രമത്തിലും മാറ്റം പ്രഖ്യാപിച്ചു.
യുഎഇയിൽ നബിദിനം, ധീരൻമാരുടെ അനുസ്മരണ ദിനം, ദേശീയദിനം എന്നിവ പ്രമാണിച്ച് നവംബർ 30, വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ ദുബായിലെ ബഹുനില പാർക്കിംഗ് സമുച്ചയങ്ങൾ ഒഴികെയുള്ള പെയ്ഡ് പാർക്കിംഗ് ഇടങ്ങളിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു. ഈ ദിവസങ്ങളിൽ ഷാർജയിലും വാഹന പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നിരുന്നു.
കൂടാതെ, ദുബായ് മെട്രോ, ട്രാം സമയക്രമങ്ങളിലും മാറ്റമുണ്ടാകും. ദുബായ് മെട്രോ റെഡ് ലൈനിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി ഒരുമണിവരെയായിരിക്കും സർവ്വീസ്. വെള്ളിയാഴ്ച രാവിലെ പത്തിന് തുടങ്ങുന്ന സർവ്വീസ് രാത്രി ഒന്നുവരെ തുടരും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി 12 വരെയായിരിക്കും സർവ്വീസ്. ഗ്രീൻ ലൈനിൽ വ്യാഴാഴ്ച രാവിലെ 5.30 മുതൽ രാത്രി 1 മണിവരെ സർവ്വീസ് ഉണ്ടാകും.
വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി ഒരു മണിവരെയും സർവ്വീസ് ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 12 വരെയായിരിക്കും സർവ്വീസ്. ദുബായ് ട്രാം സമയക്രമം ഇനി പറയും പ്രകാരമാണ്. വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ രാത്രി ഒന്നുവരെയും ആയിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 12 വരെ ട്രാം സർവ്വീസ് ഉണ്ടാകും.