കുഞ്ഞ് രാജകുമാരനെയും ഐ എസ് വെറുതെ വിടുന്നില്ല ; ജോർജ് രാജകുമാരന്റെ വിവരങ്ങൾ രഹസ്യമായി കൈമാറിയ ആൾക്കെതിരെ നടപടി

ലണ്ടൻ∙ ബ്രിട്ടന്റെ മൂന്നാം തലമുറയിലെ കിരീടാവകാശിയായ ജോർജ് രാജകുമാരനെപ്പറ്റിയുള്ള വിവരങ്ങൾ ഓൺലൈനിലൂടെ രഹസ്യമായി കൈമാറിയ ആൾക്കെതിരെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഭീകരവാദ കുറ്റം ചുമത്തി. ഹുസ്നൈൻ റാഷിദ് എന്ന യുവാവാണ് നാലുവയസ്സുകാരനായ ജോർജിന്റെ വിവരങ്ങൾ ഓൺലൈൻ മെസേജിങ് ആപ്പ് ആയ ‘ടെലഗ്രാമി’ലൂടെയാണു കൈമാറിയത്.

വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ൽടണിന്റെയും മകനായ ജോർജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്കൂൾ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്. ഇക്കഴിഞ്ഞ നവംബർ 22 ന് ലങ്കാഷയറിൽ വച്ചാണ് റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഐഎസിൽ ചേരുന്നതിനു വേണ്ടി സിറിയയിലേക്കു കടക്കുന്നതിനു മുൻപായിരുന്നു അറസ്റ്റ്.

നേരത്തേ, ഐഎസിന്റെ പുതിയ ഹിറ്റ്‌ലിസ്റ്റിൽ ജോർജ് രാജകുമാരനെയും ഉൾപ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രചരിപ്പിച്ചിരുന്നു. തോക്കേന്തിയ ഭീകരന്റെ നിഴൽ ചിത്രത്തിനൊപ്പം ജോർജ് രാജകുമാരനെയും ചേർത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ‘സ്കൂൾ നേരത്തെ തുടങ്ങും’ എന്ന സന്ദേശവും ഒപ്പം സ്കൂളിന്റെ വിലാസവും സന്ദേശത്തിൽ ചേർത്തിട്ടുണ്ട്. രാജകുടുംബത്തെയും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട്.

Shares 730
Close