ജയ്പുർ: കവർച്ചാകേസിലെ പ്രതികളെ പിടികൂടാൻ തമിഴ് നാട്ടിൽ നിന്നെത്തിയ പോലീസ് സംഘത്തിലെ ഒരാൾ രാജസ്ഥാനിൽ വെടിയേറ്റ് മരിച്ചു. സംഘത്തിൽ ഉൾപ്പെട്ടിരുന്ന പെരിയ പാണ്ടി (48) ആണ് മരിച്ചത്.
കവർച്ചാസംഘം തന്നെയാണ് പോലീസുകാരനെ വധിച്ചതെന്നാണ് സൂചന.
രാജസ്ഥാനിലെ പാലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം . കോലാത്തൂരിലെ കവർച്ചാകേസിലെ നാല് പ്രതികളെ തമിഴ്നാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെ പിടിക്കാൻ തമിഴ്നാട് പോലീസ് സംഘം രാജസ്ഥാനിൽ എത്തിയത്.
ബുധനാഴ്ച പുലർച്ചെയോടെ തമിഴ്നാട് പൊലീസ് സംഘം മുഖ്യപ്രതിയുടെ വീട് വളഞ്ഞപ്പോഴാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കാതെയാണ് തമിഴ്നാട് പോലീസ് പ്രതികളുടെ വീട്ടിൽ എത്തിയത്.
സംഭവം പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോഴാണ് കൂടുതൽ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ പെരിയ പാണ്ടി മരണപ്പെട്ടിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർരാജസ്ഥാനിൽ എത്തിയിട്ടുണ്ട്.
സംഭവത്തിൽ രാജസ്ഥാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികൾക്കായി വ്യാപക തെരച്ചിൽ നടക്കുന്നുണ്ടെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു.