കൊച്ചിയില്‍ വീടാക്രമിച്ച് കൊളള:മുഖ്യപ്രതി നഗരത്തില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന നസീര്‍ ഖാന്‍

തൃപ്പൂണിത്തുറ:വെറും ദിവസങ്ങളുടെ വ്യത്യാസത്തില്‍ നഗരത്തില്‍ രണ്ടിടത്ത് വീടാക്രമിച്ച് കവര്‍ച്ച നടത്തിയതിന് പിന്നില്‍ കൊച്ചി പുതുവൈപ്പില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന നസീര്‍ ഖാന്‍.

ഇയാളുടെ കൂട്ടുപ്രതികളായ മൂന്നുപേരെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് കൊളളയുടെ മുഖ്യ സൂത്രധാരന്‍ നസീര്‍ ഖാനാണെന്ന് വ്യക്തമായത്.നസീര്‍ ഖാന്റെ യഥാര്‍ഥ പേര് നൂര്‍ഖാന്‍ എന്നാണെന്ന് സംശയമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

കൊളളയ്ക്ക് പിന്നില്‍ നസീര്‍ ഖാനാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. എറണാകുളം വൈപ്പിനില്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമായി വാടകയ്ക്കാണ് ഇയാള്‍ താമസിച്ചിരുന്നത്.ഇയാളുടെ പെണ്‍മക്കള്‍ വൈപ്പിനിലെ ഒരു സ്‌കൂളിലാണ് പഠിച്ചിരുന്നത്.
എരൂരില കവര്‍ച്ചയ്ക്ക് ശേഷം ഇയാള്‍ കുടുംബസമേതം സ്ഥലം വിടുകയാണുണ്ടായത്.ഈ വിവരം ലഭിച്ചതോടെയാണ് പോലീസിന് സംശയം ബലപ്പെട്ടത്.ഇയാള്‍ക്ക് വാഹനങ്ങളും 15 പണിക്കാരും ഉണ്ടായിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ബംഗ്ലാദേശുകാരന്‍ ഷെംസാദ്,ഡല്‍ഹിയില്‍ താമസിക്കുന്ന റോണി,അര്‍ഷാദ് എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുളളത്.കവര്‍ച്ച ചെയ്തതില്‍ ഒരു മാലയും ഏതാനും കമ്മലുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ഇവരെ പോലീസ് ഞായറാഴ്ച കൊച്ചിയിലെത്തിക്കും.ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുടുക്കാനായത്.

Post Your Comments

Close