കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ കായിക മേളക്ക് കോഴിക്കോട്ട് നാളെ കൊടിയേറും. മേളക്ക് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഒളിമ്പ്യൻ പി.ടി.ഉഷ പഠിച്ച തൃക്കോട്ടൂര്‍ സ്കൂളിൽ നിന്നും ആരംഭിച്ചു. മേള നടക്കുന്ന ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് ദീപ ശിഖ കൊളുത്തുക.
സംസ്ഥാന കായിക മേളയുടെ ആരവത്തിന് പിന്നാലെ ദേശീയ സ്കൂള്‍ കായിക മേളക്കായി കോഴിക്കോട് നാളെ ട്രാക്കും ഫീൽഡും ഉണരും. ലോകോത്തര നിലവാരമുള്ള മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയമാണ് വേദി. 95 ഇനങ്ങളിലായി 2700 കായിക താരങ്ങള്‍ നാളെ മുതൽ അഞ്ച് ദിവസം നടക്കുന്ന മേളയിൽ മാറ്റുരക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളും ഒഫീഷ്യലുകളും കോഴിക്കോട്ടെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 106 അംഗ ടീമാണ് തുടര്‍ച്ചയായ പത്തൊമ്പതാം കിരീടം നേടാൻ കേരളത്തിന് വേണ്ടി കളത്തിലിറങ്ങുന്നത്. മേളക്കു മുന്നോടിയായുള്ള ദീപ ശിഖാപ്രയാണം പി.ടി. ഉഷ പഠിച്ച തൃക്കോട്ടൂര്‍ സ്കൂളിൽ നിന്നാരംഭിച്ചു.
തൃക്കോട്ടൂര്‍ സ്‌കൂളില്‍ നിന്നും ഓടി തുടങ്ങിയ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഉഷ ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചത്. പി.ടി ഉഷ തിരി തെളിയിച്ച ദീപശിഖക്ക് കോഴിക്കോട്ടെ വിവിധ സ്കൂളുകളിൽ സ്വീകരണം നല്‍ക്കും. വൈകിട്ട് മത്സരം നടക്കുന്ന ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് ദീപശിഖ കൊളുത്തുക.















