ന്യൂഡല്‍ഹി: ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് ബന്ധത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെയും പിന്തുണ. കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്യാന്‍ എഐസിസി ആസ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം നേതാക്കളെയാണ് ആന്റണി പിന്തുണ അറിയിച്ചത്. കേരളത്തില്‍ സിപിഎമ്മിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അവകാശപ്പെടുമ്പോഴാണ് ബംഗാളില്‍ സിപിഎമ്മുമായി കൈകോര്‍ക്കാന്‍ ആന്റണി സമ്മതം അറിയിച്ചിരിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയിലെത്തുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാഡി, മുതിര്‍ന്ന നേതാവ് എ.കെ ആന്റണി തുടങ്ങിയവരുമായിട്ടായിരുന്നു ചര്‍ച്ചകള്‍. സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്നതില്‍ വിയോജിപ്പില്ലെന്നാണ് ആന്റണി ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട്.
എന്നാല്‍ ബംഗാളില്‍ സിപിഎമ്മുമായി അടുക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ അതൃപ്തി ശക്തമാണ്. കേരളത്തില്‍ സിപിഎമ്മിനെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടുകയും ബംഗാളില്‍ യോജിച്ചു നീങ്ങുകയും ചെയ്താല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് കേരള ഘടകത്തിനുള്ളത്. എന്നാല്‍ അധികാരത്തില്‍ എത്തുന്നതിനായി ആരുമായും ധാരണയിലെത്താമെന്ന നിലപാടാണ് ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്. കേരളത്തിലെയും ബംഗാളിലെയും സ്ഥിതി വ്യത്യസ്ഥമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റയ്ക്കു മല്‍സരിച്ചാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ബംഗാളില്‍ കാര്യമായ ചലനമുണ്ടാക്കാനാവില്ല. ഇതു മുന്നില്‍ കണ്ടാണ് ഇരുപാര്‍ട്ടികളും യോജിച്ചു നീങ്ങാന്‍ തീരുമാനിക്കുന്നത്. കൊല്‍ക്കത്ത പ്ലീനത്തില്‍ കോണ്‍ഗ്രസുമായി യോജിക്കേണ്ടത്തിന്റെ ആവശ്യകത സിപിഎം ബംഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.