ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കം. ദക്ഷിണേഷ്യയിലെ പ്രമുഖ രാഷ്‌ട്രങ്ങൾ പങ്കെടുക്കുന്ന ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 23 കായിക ഇനങ്ങളിലായി നടക്കുന്ന 228 മത്സരങ്ങളിൽ, മൂവായിരത്തിലേറെ താരങ്ങൾ മാറ്റുരയ്‌ക്കും.
കായിക മാമാങ്കത്തിന്‍റെ പന്ത്രണ്ട് ദിനങ്ങൾ. 23 കായിക ഇനങ്ങളിലായി 228 മത്സരങ്ങൾ. ഇന്ത്യയ്‌ക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാക്കിസ്ഥാൻ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും മാറ്റുരയ്‌ക്കാനെത്തുന്നത് മൂവായിരത്തിലേറെ താരങ്ങൾ. ദക്ഷിണേഷ്യയുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന സാഫ് ഗെയിംസിനെ വരവേൽക്കാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു.
ഇതാദ്യമാണ് വടക്കുകിഴക്കൻ മേഖല ഒരു അന്താരാഷ്‌ട്ര കായിക മേളയ്‌ക്ക് വേദിയാകുന്നത്. ഗുവഹാട്ടിയ്‌ക്കൊപ്പം മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗും മത്സരത്തിന് വേദിയാകും. ആറു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഗെയിംസ് നടക്കുന്നത്. 2010 ൽ ധാക്കയിലാണ് ഇതിന് മുന്പ് സാഫ് ഗെയിംസ് അരങ്ങേറിയത്. കഴിഞ്ഞ 11 തവണയും ചാന്പ്യന്മാരായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ താരനിര. അത്‍ലറ്റിക്സ്, ഷൂട്ടിംഗ്, ഭാരദ്വോഹനം, അന്പെയ്‌ത്ത് തുടങ്ങി സുപ്രധാന ഇനങ്ങളിൽ ഇന്ത്യൻ മുന്നേറ്റം ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
റിയോ ഒളിംപിക്സിന് ആറുമാസം മാത്രം ബാക്കി നിൽക്കെ പ്രമുഖ താരങ്ങൾക്ക് ഒരിക്കൽകൂടി തങ്ങളുടെ മാറ്റ് തെളിയിക്കാനുള്ള സുവർണ അവസരം കൂടിയാകും സാഫ് ഗെയിംസ്.