SportsSpecial

ആ ‘പത്തിന്’ മധുരപ്പതിനേഴ്

ആ ദിനം മറക്കാനാവാത്തത് അനിൽ കുംബ്ളെയ്ക്ക് മാത്രമല്ല , ഹൃദയത്തിലെപ്പോഴും ക്രിക്കറ്റിന്റെ വികാരം സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും ആ ദിനം മറക്കില്ല . കളിയെ സ്നേഹിക്കുന്ന ആർക്കും അതിനു കഴിയില്ല ..

1999 ഫെബ്രുവരി 7 .. ഫിറോസ് ഷാ കോട്ലയിൽ ഫോർവേഡ് ഷോട്ട്ലെഗ്ഗിൽ നിന്ന ലക്ഷ്മണിന്റെ ഭദ്രമായ കൈകളിൽ ഒതുങ്ങിയത് വസിം അക്രം മാത്രമായിരുന്നില്ല , തങ്ങളുടെ എല്ലാ വിക്കറ്റുകളും ഒരു പന്തേറുകാരനു മാത്രമായി കൊടുക്കാതിരിക്കാനുള്ള പാകിസ്ഥാന്റെ പ്രയത് നം കൂടിയായിരുന്നു.

420 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണത് 101 ൽ . ഷാഹിദ് അഫ്രിഡിയെ നയൻ മോംഗിയയുടെ കൈകളിലെത്തിക്കുമ്പോൾ അനിൽ പോലും പ്രതീക്ഷിച്ചു കാണില്ല , കാത്തിരിക്കുന്ന സുവർണ നേട്ടം.

തൊട്ടുപിന്നാലെ ഇജാസ് അഹമ്മദ് 101 ൽ തന്നെ കുംബ്ളെയുടെ യോർക്കറിനു മുന്നിൽ കീഴടങ്ങി . 115 ലെത്തിയപ്പോൾ ഇൻസമാം കുംബ്ളെയുടെ പന്ത് സ്വന്തം വിക്കറ്റിലേക്ക് തിരിച്ചു വിട്ട് പുറത്തായി .

പിന്നെയൊരു ഘോഷയാത്രയായിരുന്നു . യൂസഫ് യൊഹാന , മോയിൻ ഖാൻ , സയിദ് അൻവർ ഒടുവിൽ സലിം മാലിക്കും കീഴടങ്ങിയതോടെ പാകിസ്ഥാന്റെ അംഗീകൃത ബാറ്റ്സ്മാന്മാരെല്ലാം പവലിയനിലെത്തി

പിന്നെയെല്ലാം ചടങ്ങ് മാത്രമായിരുന്നു . മുഷ്താഖ് അഹമ്മദും സഖ്ലെയിൻ മുഷ്താഖും മടങ്ങിയതോടെ ചരിത്ര നേട്ടത്തിനരികിൽ കുംബ്ളെ എത്തി . ക്രീസിൽ പാക് ക്രിക്കറ്റിലെ രണ്ടിതിഹാസങ്ങൾ , വഖാർ യൂനുസും വസീം അക്രവും .

കുംബ്ളെയ്ക്ക് വിക്കറ്റ് കൊടുക്കരുതെന്ന് വഖാറിന്റെ ഉപദേശം . കുംബ്ളെയ്ക്ക് തന്നെ വിക്കറ്റ് കിട്ടാൻ വേണ്ടി ശ്രീനാഥ് വൈഡ് ബോളുകൾ എറിഞ്ഞ് ഓവറുകൾ തീർക്കുന്നു . ഒടുവിൽ ആ നിമിഷം വന്നെത്തി ..

പാക് ഇന്നിംഗ്സിലെ അറുപത്തി മൂന്നാം ഓവർ .. അനിലിന്റെ ഇരുപത്തിയേഴാം ഓവർ .. ആദ്യ രണ്ട് പന്തുകളിൽ നിന്ന് വാസിം അക്രം എങ്ങനെയോ രക്ഷപ്പെടുന്നു .

സച്ചിൻ കുംബ്ളേയ്ക്കരികിലേക്ക് .. ലോംഗോഫിൽ നിന്ന ഫീൽഡർ മിഡോഫിലേക്ക് .

കാണികളുടെ ആരവങ്ങൾക്കിടയിൽ ഒരു നിമിഷം ..

കുംബ്ളെയുടെ ലെഗ് ബ്രേക്ക് . ഫോർവാർഡ് ചെയ്ത് അക്രമിന്റെ ഡിഫൻസ് . ബാറ്റിന്റെ അരിക് തട്ടി പന്ത് വായുവിൽ ..

ഒട്ടും പിഴയ്ക്കാതെ വിവിഎസ് ലക്ഷ്മൺ ..

ഫിറോസ് ഷാ കോട്ല ആവേശത്തിലാറാടി …

അതെ അനിൽ കുംബ്ളെ ഒരിന്നിംഗ്സിലെ പത്ത് വിക്കറ്റുകളും നേടിയിരിക്കുന്നു …

നിരാശനായി പവിലിയനിലേക്ക് നടന്ന വസിം അക്രത്തിന് പിന്നീടെപ്പോഴോ തോന്നിയിട്ടുണ്ടാകും ..

ശ്രീനാഥ് ബൗൾ ചെയ്തപ്പോൾ സ്റ്റമ്പിൽ അടിക്കാത്ത താൻ എന്തൊരു മണ്ടനാണെന്ന് …!

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close