കൊച്ചി: കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതിനിടെ ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മനോജിന്റെ സഹോദരനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
മനോജ് വധക്കേസില്‍ രാഷ്‌ട്രീയപ്രേരിതമായാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണെന്നും തെളിവുകളുടെ അഭാവത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍.
നേരത്തെയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയെങ്കിലും അന്ന് കേസില്‍ ജയരാജനെ സിബിഐ പ്രതിചേര്‍ത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സിബിഐ കേസില്‍ പ്രതിചേര്‍ത്ത ശേഷം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.