ലോസ് ആഞ്ചലസ്: ഇന്റര്‍നെറ്റ് സമത്വവുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിലപാടില്‍ നിരാശയെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന ഫെയ്സ്ബുക്ക് അടക്കമുള്ള കമ്പനികളുടെ ആവശ്യം തള്ളിയാണ് ട്രായ് ഇക്കാര്യത്തില്‍ ഇന്നലെ നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ സക്കര്‍ബര്‍ഗിന്റെ പ്രതികരണം.
എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പോലുളള സേവനങ്ങള്‍ ആരംഭിച്ചത്. സൗരോര്‍ജ്ജ പദ്ധതികളിലൂടെയും ഉപഗ്രഹങ്ങളിലൂടെയും ലേസര്മാര്ഗവും പലയിടത്തും സേവനം വിപുലപ്പെടുത്തി വരികയായിരുന്നു. ട്രായിയുടെ നിലപാടില്‍ നിരാശയുണ്ടെങ്കിലും തുടര്‍ന്നും ഇതേ ആവശ്യത്തിനായി ശ്രമം തുടരുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പോലുള്ള സേവനങ്ങള്‍ നിരവധി രാജ്യങ്ങളില്‍ പലരുടെയും ജീവിതം മാറ്റിമറിച്ചതായും വിവിധ പദ്ധതികളിലൂടെ 38 രാജ്യങ്ങളിലെ 19 മില്യന്‍ ജനങ്ങളെ കൂട്ടിയിണക്കാന്‍ കഴിഞ്ഞതായും സക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്ത്യയില്‍ ഈ സേവനം ഏര്‍പ്പെടുത്തുകയെന്നത് മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് പിടിച്ചുയര്‍ത്താന്‍ സഹായകമാകുമെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.