NewsSports

സുനിൽ ദേവിനെതിരെ നിയമനടപടിയുമായി ധോണി

മുംബൈ : 2014 ലെ ഇംഗ്ളണ്ട് പര്യടനത്തിനിടെ മാഞ്ചസ്റ്ററിൽ നടന്ന ടെസ്റ്റിൽ ധോണി ഒത്തുകളിച്ചെന്ന മുൻ ഇന്ത്യൻ ടീം മാനേജർ സുനിൽ ദേവിന്റെ ആരോപണത്തിനെതിരെ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി നിയമ നടപടിക്ക്. പരാമർശം പിൻ വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടത്തിന് 100 കോടിയുടെ നഷ്ടപരിഹാരം നൽകണമെന്ന് പ്രമുഖ അഭിഭാഷകരായ ഡി ആൻഡ് സി അസോസിയേറ്റ്സ്  മുഖേന ധോണി അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.

സുനിൽ ദേവിന്റെ പരാമർശത്തിലൂടെ ധോണിക്ക് അപകീർത്തിയും മാനസിക വ്യഥയും ഉണ്ടായെന്നും വിവാദം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും നോട്ടീസിൽ പറയുന്നു. സുനിലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഹിന്ദി ദിനപത്രത്തോട് വാർത്ത പിൻവലിച്ച് 48 മണിക്കൂറിനകം തിരുത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റൻ എം എസ് ധോണി ഒത്തു കളിച്ചെന്നായിരുന്നു സുനിൽ ദേവിന്റെ വെളിപ്പെടുത്തൽ. ഹിന്ദി ദിനപത്രമായ സൺ സ്റ്റാർ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയായ സുനിൽ ദേവിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റിനു മുൻപ് മഴ പെയ്തിരുന്നു. പിച്ചിന്റെ അവസ്ഥ പരിഗണിച്ച് ടോസ് നേടിയാൽ ബൗളിങ് തെരഞ്ഞെടുക്കാനാണ് ടീം മീറ്റിങ്ങിൽ തീരുമാനിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ടോസ് ലഭിച്ച ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ധോണിയുടെ ഈ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നെന്നും ദേവ് ഉറപ്പുപറയുന്നു.

സംഭവം അന്നത്തെ ബിസിസിഐ അദ്ധ്യക്ഷനായിരുന്ന എന്‍ ശ്രീനിവാസന് നേരിട്ട് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ വച്ചു തന്നെ ഇത് സംബന്ധിച്ച റിപ്പോർട്ട്  ടൈപ്പ് ചെയ്ത് നല്‍കി. എന്നാല്‍ തുടർ നടപടികളൊന്നും ഉണ്ടായില്ല. എന്നാൽ ജീവന് ഭീഷണിയുണ്ടാകുമെന്ന ഭയത്താലാണ് താൻ ഇക്കാര്യം ഒരു അന്വേഷണ സമിതിക്ക് മുമ്പിലും വെളിപ്പെടുത്താത്തതെന്ന് ദേവ് ടേപ്പിൽ വ്യക്തമാക്കുന്നുണ്ട്. താൻ പറഞ്ഞ കാര്യങ്ങൾ പുറത്തായാൽ  അംഗീകരിക്കില്ലെന്നും ദേവ് സംഭാഷണത്തിനിടെ പറയുന്നുണ്ട്.

അതേസമയം ഐപിഎൽ വാതുവെപ്പ് അന്വേഷിക്കുന്ന മുദ്ഗല്‍ കമ്മിറ്റി ദേവിന്റെ വെളിപ്പെടുത്തലുൾ തള്ളിയിട്ടുണ്ട്. ഇക്കാര്യം ബോർഡിന് എഴുതി നൽകിയാലേ സ്വീകരിക്കാനാകൂ എന്നും ഒത്തുകളി നടക്കണമെങ്കിൽ മൂന്നിലേറെ കളിക്കാർ ഉൾപ്പെട്ടിരിക്കണമെന്നും കമ്മിറ്റി വ്യക്തമാക്കി.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close