Special

സാമ്രാജ്യത്വ യുദ്ധം ജനകീയ യുദ്ധമാകുന്നു – സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും ഭാഗം – 03

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് നിർദ്ദേശങ്ങൾ കിട്ടിയിരുന്നത് മോസ്കോയിൽ നിന്നാണെങ്കിലും അത് വരുന്നത് ബ്രിട്ടൻ വഴിയായിരുന്നു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഹാരി പോളിറ്റ് വഴിയായിരുന്നു നിർദ്ദേശങ്ങൾ ഇന്ത്യയിലെത്തിയിരുന്നത് .

1939 ആഗസ്റ്റിൽ കോൺഗ്രസ് അംഗീകരിച്ച പ്രമേയം യുദ്ധത്തിൽ ആക്രമണത്തിനിരയായ രാഷ്ട്രങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചു . എങ്കിലും ഫാസിസ്റ്റുകളെ തടയാൻ സഹായിക്കണമെങ്കിൽ ആദ്യം ഭാരതത്തിന് സ്വാതന്ത്ര്യം നൽകണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം . എതാനും ആഴ്ചകൾ കഴിഞ്ഞ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഗാന്ധിജി ഈ ആവശ്യം ആവർത്തിച്ചു . മാത്രമല്ല അഹിംസാധിഷ്ടിതമായ സ്വാതന്ത്ര്യസമരം തുടരുമെന്നും എന്നാൽ ബ്രിട്ടന്റെ യുദ്ധ ശ്രമങ്ങളെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

സോവിയറ്റ് യൂണിയൻ ജർമ്മനിയുമായി സഖ്യത്തിലായത് കൊണ്ട് മാത്രം ബ്രിട്ടൻ ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ കടുത്ത ശത്രുവായി . ബ്രിട്ടനും ഫ്രാൻസും ഒരു ഭാഗത്തും ജർമ്മനി മറുഭാഗത്തുമായി നടത്തുന്ന യുദ്ധം സാമ്രാജ്യത്വ യുദ്ധമാണെന്ന് കമ്യൂണിസ്റ്റുകൾ വ്യക്തമാക്കി. ഈ അവസരം ഉപയോഗപ്പെടുത്തി ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ് വേണ്ടതെന്ന് അവർ വാദിച്ചു . അങ്ങനെ ചെയ്യുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് അവരുടെ ലക്ഷ്യമെന്ന് കരുതിയാൽ തെറ്റി . പിതൃഭൂമിയായ സോവിയറ്റ് റഷ്യയുടെ താത്പര്യമായിരുന്നു പ്രധാനം

ഗാന്ധിജിയുടെ സമരനയങ്ങളെ കടന്നാക്രമിച്ച് കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ലഘുലേഖകൾ ഇറക്കി . കോൺഗ്രസ് ബൂർഷ്വകളുടെ പാർട്ടിയാണെന്നും ഗാന്ധിജി ബൂർഷ്വാ നേതാവാണെന്നുമായിരുന്നു ആരോപണം. സുഭാഷ് ബോസിനെ അവർ കുരുടൻ മിശിഹായെന്നു വിളിച്ചു . യുദ്ധകാര്യങ്ങളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നുവെന്നും ഈ പരിപാടി കൊണ്ട് സ്വാതന്ത്ര്യം ലഭിക്കില്ലെന്നും കമൂണിസ്റ്റുകൾ പ്രഖ്യാപിച്ചു .

1941 ആയപ്പോഴേക്കും ഗാന്ധിജിക്കെതിരെയുള്ള പരിഹാസം അങ്ങേയറ്റമെത്തി ..അപ്രസക്തനായ നിന്ദകാ വായടയ്ക്കൂ എന്നാണ് ഗാന്ധിജിയോട് കമ്യൂണിസ്റ്റുകൾ ആവശ്യപ്പെട്ടത്.ഗാന്ധിസം തകർച്ചയിലെത്തിയിരിക്കുന്നു . ഇത് അഹിംസാത്മക ആത്മഹത്യയാണ് ..കോൺഗ്രസ് പടുത്തുയർത്തുന്നതെല്ലാം ഗാന്ധിസത്തിന്റെ കീഴിൽ വിനാശമടയും . എന്ന് അവർ പ്രഖ്യാപിച്ചു.

റഷ്യയുടെ സഖ്യകക്ഷിയായ ജർമ്മനിയുടെ എതിരാളിയാണ് ബ്രിട്ടൻ എന്നതല്ലാതെ സ്വാതന്ത്ര്യ ദാഹമൊന്നുമായിരുന്നില്ല ഈ നിലപാടിന് പിന്നിൽ . ഗാന്ധിയൻ നയങ്ങളെ തോൽപ്പിക്കാൻ ഗാന്ധിയൻ തത്വങ്ങൾ പോരാ എന്നുറച്ച് പാർട്ടി അക്രമാത്മക സമരത്തിനാഹ്വാനം ചെയ്തു . കേരളത്തിൽ പലയിടത്തും കോൺഗ്രസ് നേതാക്കളെ തടഞ്ഞു . കെ കേളപ്പനുൾപ്പെടെയുള്ള നേതാക്കളുടെ പരിപാടി പോലും തടസ്സപ്പെടുത്തി . സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായതോടെ പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുകളും നടന്നു . 1941 മാർച്ച് 27 ന് സുബ്ബരായൻ എന്ന പോലീസുകാരനെ കൊലപ്പെടുത്തുന്നതിലേക്കെത്തിയ കയ്യൂർ സമരം നടന്നതും ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായായിരുന്നു .

സോവിയറ്റ് യൂണിയനെ സഹായിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യമെങ്കിലും ബ്രിട്ടീഷ് വിരുദ്ധ നിലപാട് ജനപിന്തുണ ഉയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയെ സഹായിച്ചു . പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു ..

1941 ജൂൺ 22 ന് അനാക്രമണ സന്ധിയിൽ നിന്ന് പിന്മാറിയ ജർമ്മനി റഷ്യയെ ആക്രമിച്ചു .

ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് നിർദ്ദേശങ്ങളെത്തിക്കുന്ന ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി സ്വരം മാറ്റി .ഇനി മുതൽ കമ്യൂണിസ്റ്റുകൾ ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഹാരി പോളിറ്റ് ആഹ്വാനം ചെയ്തു.. ഹാരി പോളിറ്റിന്റെ നയം മാറ്റം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അത് സാമ്രാജ്യത്വ ഗൂഢാലോചനയാണെന്നായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ അവകാശ വാദം. ഇതിനിടയിൽ പുതിയ താത്വിക വിശദീകരണം ഇറക്കാനും അവർ മടിച്ചില്ല

ബ്രിട്ടനും ജർമ്മനിയും നടത്തുന്ന യുദ്ധം ഇപ്പോഴും സാമ്രാജ്യത്വ യുദ്ധം തന്നെയാണ് . എന്നാൽ സോവിയറ്റ് യൂണിയൻ നടത്തുന്നത് ആത്മരക്ഷയ്ക്കുള്ള വിപ്ലവ യുദ്ധമാണ് .

സോവിയറ്റ് യൂണിയനും ബ്രിട്ടനും സഖ്യകക്ഷികളായതോടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക വൈഭവം കാര്യമായി പരീക്ഷിക്കപ്പെട്ടു . ഒടുവിൽ രണ്ട് യുദ്ധങ്ങളാണ് നടക്കുന്നതെന്ന രസകരമായ വാദത്തിലെത്തി അവർ .പാശ്ചാത്യ നിരയിൽ സാമ്രാജ്യത്വ യുദ്ധവും പൗരസ്ത്യ നിരയിൽ ജനകീയ യുദ്ധവും. അതായത് റഷ്യയും ജർമ്മനിയും തമ്മിൽ നടക്കുന്നത് ജനകീയ യുദ്ധം . ബ്രിട്ടനും ജർമ്മനിയും തമ്മിൽ നടക്കുന്നത് സാമ്രാജ്യത്വ യുദ്ധം .

ഈ അസംബന്ധവാദം അധികം നീണ്ടുനിന്നില്ല . റഷ്യയിൽ നിന്ന് കല്ലേപിളർക്കുന്ന കൽപ്പന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു .

യുദ്ധം അവിഭാജ്യമാണ് .. !

കമ്യൂണിസ്റ്റ് പാർട്ടി മാസങ്ങളായി അനുഭവിച്ച അനിശ്ചിതത്വത്തിന് ശമനമായി . സാമ്രാജ്യത്വ യുദ്ധം ഒറ്റയടിക്ക് ജനകീയ യുദ്ധമായി . ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നാൽ ഫാസിസ്റ്റുകൾക്കെതിരായ യുദ്ധത്തെ പിന്തുണയ്ക്കാമെന്ന് ബ്രിട്ടനോട് കോൺഗ്രസ് പറഞ്ഞതിനെ നിശിതമായി എതിർത്ത പാർട്ടി ബ്രിട്ടന് നിരുപാധികം പിന്തുണ നൽകാൻ തയ്യാറായി ..

അതിനവർ പറഞ്ഞ ന്യായമായിരുന്നു ബഹുകേമം ..

നമുക്ക് സൈദ്ധാന്തികമായ നിലപാടുണ്ട് . അതിനാൽ സഹായം നിരുപാധികമായിരിക്കും ..

13 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close