കോട്ടയം: മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന (42) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇന്നലെ പുലർച്ചെയാണ് ജോസ്‌നയുടെ മൂത്തമകൾ മരിയ തെരേസ തോമസ് (16) ചികിത്സയിലിരിക്കെ മരിച്ചത്. മകളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ടോടെയാണ് ജോസ്‌നയും മരണത്തിന് കീഴടങ്ങിയത്. ജോസ്‌നയുടെ ഭർത്താവ് ജോബിയും ഇളയ മകനും കോട്ടയം മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കുടുംബത്തിലെ നാലുപേരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് കളനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു. ജോസ്‌നയുടെ സഹോദരൻ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വീട് പൂട്ടിയ നിലയിലായിരുന്നതിനാൽ പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജോസ്‌ന, ഭർത്താവ് ജോബി, മകൾ മരിയ തെരേസ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇളയ മകനെ കുട്ടികളുടെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ബാധ്യതകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
സഹായം ആവശ്യമായാൽ: ആത്മഹത്യാ ചിന്തകളോ കടുത്ത മാനസിക സമ്മർദ്ദമോ അനുഭവപ്പെടുന്നവർ വിശ്വസനീയരായ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മാനസികാരോഗ്യ വിദഗ്ധരെയോ സമീപിക്കുക. ഇന്ത്യയിൽ ടെലിമാനസ് (Tele-MANAS) ഹെൽപ്‌ലൈൻ 14416 അല്ലെങ്കിൽ 1-800-89-14416 എന്ന നമ്പറുകളിൽ സഹായം ലഭ്യമാണ്.















