Special

ദേശീയ നേതാക്കളെ അപഹസിക്കുന്നു: സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റ് വഞ്ചനയും. ഭാഗം -05

ബ്രിട്ടീഷുകാർക്ക് നൽകിയ രഹസ്യ രേഖയിൽ പറഞ്ഞതുപോലെ കോൺഗ്രസിനേയും നേതാക്കളേയും ക്വിറ്റ് ഇന്ത്യാ സമരത്തേയും പീപ്പിൾസ് വാർ എന്ന തങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പരിഹസിച്ചു . മുൻപ് ഗാന്ധിജിയേയും ദേശീയ പ്രസ്ഥാനങ്ങളേയും അപലപിച്ചത് ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ തടസ്സപ്പെടുത്താത്തതിനാണെങ്കിൽ ഇപ്പോൾ ബ്രിട്ടനെ യുദ്ധത്തിൽ പിന്തുണയ്ക്കാത്തതിനായിരുന്നു ആക്ഷേപം .

ഇല്ലാത്ത ജാപ്പനീസ് ആക്രമണത്തിന്റെ പേരു പറഞ്ഞ് നേതാജി സുഭാഷ് ചന്ദ്രബോസിനെ നിന്ദിക്കാനും പരിഹസിക്കാനും അവർ തയ്യാറായി. കേരളത്തിലെ അവസ്ഥയും മറ്റൊന്നായിരുന്നില്ല . 1942 ഒക്ടോബർ 4 ന്റെ ദേശാഭിമാനിയിൽ പി കൃഷ്ണപിള്ള സുഭാഷ് ബോസിനെ നിന്ദ്യനായ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചു . സുഭാഷ് ബോസിനെ ജപ്പാന്റെ കാൽ നക്കിയായും അഞ്ചാം പത്തിയായും ഫാസിസ്റ്റായും മുദ്രകുത്തി .

നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ കേരളത്തിലെ കമ്യൂണിസ്റ്റുകൾ വിളിച്ച മുദ്രാവാക്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഇങ്ങനെയായിരുന്നു ..

ഞങ്ങടെ നേതാവല്ലീ ചെറ്റ
ജപ്പാൻ കാരുടെ കാൽ നക്കി

ക്വിറ്റിന്ത്യാ സമരത്തെ തകർക്കാൻ തങ്ങളുടെ സംഘടനാ സംവിധാനം ഉപയോഗിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് 1943 മാർച്ച് 15 ന് 120 പേജ് വരുന്ന പ്രവർത്തന റിപ്പോർട്ട് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി റെജിനാൾഡ് മാക്സ് വെല്ലിന്റെ മുന്നിൽ സമർപ്പിച്ചു .

സമരത്തെത്തുടർന്ന് അടച്ച ഫാക്ടറികൾ തുറപ്പിച്ചു . തൊഴിലാളി വർഗ്ഗങ്ങളെ സമരം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു . ക്ലാസ് ബഹിഷ്കരിച്ച വിദ്യാർത്ഥികളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. പലയിടത്തും നടന്ന അട്ടിമറി ശ്രമങ്ങൾ തടഞ്ഞു . കോൺഗ്രസ് നേതാക്കളെ തെറ്റായി നയിക്കപ്പെട്ട ദേശീയവാദികളായി പരിഹസിച്ചു . സുഭാഷ് ബോസുൾപ്പെടെയുള്ള ഐ എൻ എ സമര ഭടന്മാർ അഞ്ചാം പത്തികളാണെന്ന് പ്രചരിപ്പിച്ചു .

1943 മേയ് 23 മുതൽ ജൂൺ 1 വരെ ബോംബെയിൽ വച്ച് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയോടെ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടത്തപ്പെട്ടു . ദേശീയ നേതാക്കളേയും സായുധ വിപ്ലവകാരികളേയും നിശിതമായി വിമർശിക്കാനും പരിഹസിക്കാനും ഈ അവസരം പാർട്ടി ഉപയോഗപ്പെടുത്തി . സുഭാഷ് ബോസിനെ വഞ്ചകനെന്നും രാഷ്ട്രീയ മാരക വ്യാധിയെന്നും മുറിച്ച് മാറ്റേണ്ട കേടു ബാധിച്ച അവയവമെന്നും വിശേഷിപ്പിച്ചു . ഗാന്ധിജിയെ കണക്കിന് പരിഹസിച്ചു . യുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിനെ ക്ഷാമം ബാധിക്കാതിരിക്കാൻ ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച കർഷക സഖാക്കളുടെ പ്രവർത്തനത്തിൽ അഭിമാനം കൊണ്ടു .

1944 മാർച്ച് 6 ന് ഗാന്ധിജി വിട്ടയയ്ക്കപ്പെട്ടു . കമ്യൂണിസ്റ്റുകാർ കാണിച്ച വഞ്ചനയെപ്പറ്റി മനസ്സിലാക്കിയ ഗാന്ധിജി പി സി ജോഷിയുമായി കത്തിടപാടുകൾ ആരംഭിച്ചു . മുൻപ് ഗാന്ധിജിയെ അപ്രസക്തനായ നിന്ദകനെന്നും വഞ്ചകനായ ബൂർഷ്വാസിയെന്നും വിളിച്ച അതേ നാവു കൊണ്ട് നമ്മുടെ ജനതയുടെ മഹാനായ നേതാവ് എന്ന് വിളിക്കാൻ പാർട്ടിക്ക് മടിയുണ്ടായില്ല . എന്നാൽ ഈ മുഖസ്തുതികളിൽ ഗാന്ധിജി വീണില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . ബ്രിട്ടനാകട്ടെ യുദ്ധത്തിനു ശേഷം ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയേണ്ട കറിവേപ്പിലയായി മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയെ കണ്ടത് . സ്വന്തം ജനതയെ വഞ്ചിച്ച് പാർട്ടിക്ക് കാര്യമായി ഒന്നും നേടാൻ കഴിഞ്ഞതുമില്ലെന്ന് പിൽക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .

19 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close