തിരുവനന്തപുരം: ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്ത്രീ സംവിധായകരുടേത് ഉള്‍പ്പടെ സ്ത്രീപക്ഷ കഥകള്‍ പറയുന്ന 6 ചിത്രങ്ങളാണ് ആസ്വാദകരുടെ മുന്നിലെത്തുന്നത്. സ്ത്രീകള്‍ സമൂഹത്തിലും കുടുംബത്തിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ജീവിതങ്ങളുമാണ് ചിത്രങ്ങളിലൂടെ പ്രേക്ഷകരിലെത്തുന്നത്.
ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ ചിത്രീകരിച്ച ഫഌപ്പിങ് ഇന്‍ ദി മിഡില്‍ ഓഫ് നോ വെയര്‍, ഇക്‌സാനുവല്‍, കില്‍ മി പ്ലീസ്, മൈ മദര്‍, ദി സെക്കന്‍ഡ് മദര്‍, ദി സമ്മര്‍ ഓഫ് സാന്‍ഗൈല്‍ എന്നീ ചിത്രങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. ഇവയില്‍ പ്രധാനം ഓസ്‌കറിന് നിര്‍ദ്ദേശിച്ചിരിക്കുന്ന ദ സെക്കന്‍ഡ് മദര്‍ എന്ന ചിത്രമാണ്. അമ്മ ജോലിക്ക് നില്‍ക്കുന്ന വീട്ടിലെത്തി അവിടെയുളളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രസീലില്‍ നിന്നുള്ള വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രം ഓസ്‌കാറിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിയറ്റ്‌നാം ചിത്രമായ ഫഌപ്പിങ് ഇന്‍ ദി മിഡില്‍ ഓഫ് നോ വെയര്‍ സാമ്പത്തിക പരാധീനതകളില്‍ അകപ്പെട്ട ഗര്‍ഭിണിയെ സാംസ്‌കാരിക, ആത്മീയ പശ്ചാത്തലത്തില്‍ ചിത്രം അവതരിപ്പിക്കുന്നു.
റിയോഡി ജനീറോയിലെ ബാരാ ഡി തിയുഹയില്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വയം രക്ഷ നേടാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ കഥയാണ് കില്‍ മി പ്ലീസ്. സംവിധായികയായ മാര്‍ഗരിറ്റ പ്രശസ്ത അമേരിക്കന്‍ നടനായ ബാരി ഹ്യൂഗിന്‍സുമായി ചേര്‍ന്ന് ഒരു ചിത്രം ഒരുക്കുന്നതിന്റെ സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് പെണ്‍കുട്ടികളുടെ പ്രണയത്തെ കേന്ദ്രീകരിച്ചിരിക്കുന്ന ചിത്രമാണ് സമ്മര്‍ ഓഫ് സാന്‍ഗൈല്‍. കാപ്പി കര്‍ഷകനെ വശീകരിക്കുവാനുള്ള മരിയയുടെ ശ്രമങ്ങളും കാര്യങ്ങള്‍ നടക്കില്ലെന്നു കണ്ടപ്പോള്‍ മറ്റുവഴികള്‍ ആരായുന്നതുമാണ് ഇക്‌സാനുവലിന്റെ ചിത്രം.