കോഴിക്കോട്: മുപ്പത്തിയാറാമത് നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്ബോളില്‍ യുക്രെയ്ന് ടീം ഡിനിപ്രോ ജേതാക്കളായി. നാല്‍പ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഡിനിപ്രോ ബ്രസീലിയന്‍ ടീമായ അത്ലറ്റിക്കോ പരാനസിനെ തോല്‍പ്പിച്ചത്. ഡിനിപ്രോയ്ക്കായി ഇഗോര്‍ കോഹൂട്ട്, ഡെന്നിസ് ബലാന്യുക് എന്നിവര്‍ ഗോള്‍ നേടി.
പ്രതിരോധത്തിലെ പിഴവുകള്‍ മുതലാക്കി അത്ലറ്റിക്കോ പരാനസിനെതിരേ മികച്ച ആക്രമണം അഴിച്ചുവിട്ടതാണ് ഡിനിപ്രോയെ കിരീട നേട്ടത്തിലെത്തിച്ചത്. ഗോള്‍ വഴങ്ങാതെ ടൂര്‍ണമെന്റില്‍ മുന്നേറിയ ഡിനിപ്രോ ആ പെരുമ ഫൈനലിലും കാത്തു. നാല്പ്പത്തൊന്നാം മിനിറ്റില്‍ ലഭിച്ച ഫ്രീ ക്വിക്കിലൂടെയാണ് ഡിനിപ്രോയുടെ ആദ്യ ഗോള്‍ പിറന്നത്. പരാനസ് നായകന് ലൂക്കാസ് ഫെരേറിയയും ഡിനിപ്രോയുടെ ഇഗോര്‍ കോഹൂട്ടും തമ്മില്‍ കൂട്ടിയിച്ചതിനിടെ കൊഹൂട്ടിന്റെ കാലില്‍ തട്ടി പന്ത് പരാനസിന്റെ വലയിലാകുകയായിരുന്നു.
ഗോളിനായി ബ്രസീലിയന്‍ പട ഡിനിപ്രോ ബോക്സിനടുത്ത് നിരന്തരം ആക്രമണം നടത്തുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് 62-ാം മിനിറ്റില്‍ പരാനസിന്റെ വല വീണ്ടും കുലുങ്ങിയത്. 85-ാം മിനുറ്റില്‍ നടത്തിയ മുന്നേറ്റത്തിനിടെ ഡിനിപ്രോയുടെ മൂന്നാം ഗോളും വന്നു. ഇടതു വിങ്ങില്‍ നിന്നും യൂറി വാക്കുല്ക്കി പോസ്റ്റിനെ ലക്ഷ്യമാക്കിയടിച്ച ഷോട്ട് പരാനസിന്റെ വലയിലേക്ക്. ഇതോടെ ബ്രസീലിന്റെ പതനം പൂര്‍ണമായി.