ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് മുടങ്ങിയ ഡല്‍ഹിയിലെ ജലവിതരണം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹിയിലേക്ക് വെളളം എത്തിക്കുന്ന മുനക് കനാലിന്റെ നിയന്ത്രണം പ്രതിഷേധക്കാര്‍ കൈക്കലാക്കിയതോടെയാണ് തലസ്ഥാനത്തേക്കുളള ജലവിതരണം മുടങ്ങിയത്. ഇന്ന് പുലര്‍ച്ചെയോടെ പ്രതിഷേധക്കാരെ ഒഴിപ്പിച്ച് സൈന്യം കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം കോടതിയിലേക്ക് എത്തിയതിനെ വിമര്‍ശിച്ച് സര്‍ക്കാരിനെ ശകാരിക്കുകയാണ് കോടതി ചെയ്തത്. കോടതിയില്‍ ഹാജരായ ഡല്‍ഹി മന്ത്രി കപില്‍ ശര്‍മയ്‌ക്ക് നേരെയായിരുന്നു കോടതിയുടെ രോഷപ്രകടനം. പ്രശ്‌നം തീര്‍ക്കുന്നതിന് പകരം മന്ത്രി വന്ന് ഇവിടെ കുത്തിയിരിക്കുകയാണോ ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു.
മുനക് കനാലും മറ്റ് ജലവിതരണ സ്രോതസുകളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇന്നു മുതല്‍ ജലവിതരണം പുനസ്ഥാപിക്കുമെന്നും ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കെജ് രിവാള്‍ ട്വിറ്ററിലൂടെ കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും നന്ദി അറിയിച്ചത്. സൈന്യത്തിന്റെ നടപടി ഡല്‍ഹിക്ക് ഏറെ ആശ്വാസം നല്‍കുന്നതാണെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി.