കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഉളള ആശുപത്രിയിലേക്ക് മാറ്റാന്‍ സിപിഎം അണിയറ നീക്കം തുടങ്ങി. ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍്ട്ട് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സിപിഎമ്മിന്റെ നീക്കം. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇപ്പോഴും ഇടയ്ക്കിടെ നെഞ്ചുവേദന ഉണ്ടെന്നാണ് ജയരാജന് പറയുന്നത്. റിമാന്‍ഡ് പ്രതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ചികിത്സ അനുവദിക്കണമെന്നാണ് ചട്ടം. മെഡിക്കല്‍ സംഘത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ജയരാജനെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം സിപിഎം ഉയര്‍ത്തുന്നത്. തിരുവനന്തപുരം ശ്രീചിത്ര, ബംഗളൂരുവിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹി എയിംസ് എന്നീ ആശുപത്രികളാണ് പരിഗണനയിലുള്ളത്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തിയ സാഹചര്യത്തില്‍ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ ജയരാജന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും. ജയിലിലെത്തിയാല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്കിയ അപേക്ഷയില്‍ കോടതിക്ക് അനുകൂല തീരുമാനം എടുക്കാനാകും. ഇത് കൂടി കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യമുളള ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം സിപിഎം ഉയര്‍ത്തുന്നത്.
അതിനിടെ ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സിബിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സൃഷ്ടിച്ചതാണെന്ന ആരോപണവും സിപിഎം ഉന്നയിക്കുന്നു. അസുഖം പെരുപ്പിച്ച് കാട്ടിയാണ് ജയരാജന് ചികിത്സ തേടിയതെന്ന വാദത്തെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലും രാഷ്ട്രീയം കലര്‍ത്തി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ഒരുങ്ങുന്നത്.