ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. സൈന്യത്തിന് നേരെ ആക്രമണം നടത്താനെത്തിയ മൂന്ന് ഭീകരരെയും വധിച്ചു. വിദേശികളായ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും ഇവരുടെ കൈവശം വന്‍ ആയുധശേഖരം ഉണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായും മേജര്‍ ജനറല്‍ അരവിന്ദ് ദത്ത് പറഞ്ഞു.
ശനിയാഴ്ചയാണ് തീവ്രവാദികള്‍ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയത്. സൈന്യം പ്രത്യാക്രമണം നടത്തിയതോടെ തീവ്രവാദികള്‍ സമീപത്തെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പരിസരം വളഞ്ഞ സുരക്ഷാസേന ഇവിടെ നിന്ന് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷമാണ് ആക്രമണം ശക്തമാക്കിയത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്ന നൂറിലധികം പേരെ സൈന്യം ഒഴിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ മൂന്നാം ദിനത്തിലേക്ക് കടന്നതോടെ കെട്ടിടത്തിനുളളിലേക്ക് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു. തീവ്രവാദികളെ തുരത്താനുളള ശ്രമത്തിനിടെ ഇന്നലെ ക്യാപ്റ്റന്‍ പവന്‍കുമാര്‍, ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്, ലാന്‍സ് നായിക് ഓം പ്രകാശ് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചത്തെ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു പൗരനും കൊല്ലപ്പെടുകയും ഒന്‍പത് സിആര്‍പിഎഫ് ഭടന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.