ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നയപ്രഖ്യാപനം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികള്‍ ലക്ഷ്യമിട്ട പോലെ രാജ്യത്തെ വാര്‍ത്തെടുക്കേണ്ട സമയമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനവും കര്‍ഷകരുടെ സമൃദ്ധിയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ വികസന തത്വമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനമെന്നത് സമൂഹത്തിത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെയും തുല്യമായി കരുതുന്നുവെന്നാണ് അര്‍ഥമാക്കുന്നത്. രാജ്യപുരോഗതിയുടെ ഫലമനുഭവിക്കാന്‍ അവര്‍ക്കും അര്‍ഹതയുണ്ടെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. ജനങ്ങളുടെ ഇച്ഛാശക്തിയാണ് പാര്‍ലമെന്റ് പ്രതിഫലിപ്പിക്കുന്നത്. അവിടെ ചര്‍ച്ചയും സംവാദവുമാണ് നടക്കേണ്ടതെന്നും അല്ലാതെ തടസപ്പെടുത്തല്‍ അല്ലെന്നും ജനാധിപത്യരീതി അതാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കര്‍ഷകരുടെ ക്ഷേമം നിര്‍ണായകമാണ്. ഓരോ തുളളിക്കും കൂടുതല്‍ വിളവെന്ന തത്വത്തില്‍ ഊന്നി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം ഗ്രാമവികസനവും സര്‍ക്കാര്‍ മുന്‍ഗണന നല്കുന്ന മേഖലയില്‍ ഒന്നാണെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
യുവാക്കള്‍ രാജ്യത്തിന്റെ ഭാവിയാണെന്നും അവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്നത് സര്‍ക്കാരിന്റെ മറ്റൊരു പ്രധാന പരിഗണനയാണെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മുദ്ര, സ്കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഇതാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു. വിദ്യാഭ്യാസവും ആരോഗ്യപൂര്‍ണവും ശുചിത്വവുമുള്ള ഭാരതത്തെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്.
വിവിധ തട്ടുകളില്‍ ഉളളവരുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ മൂന്ന് പുതിയ സാമൂഹ്യക്ഷേമ പദ്ധതികളും പെന്ഷന് പദ്ധതിയും അവതരിപ്പിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജന്‍ ധന് യോജന പ്രതീക്ഷിച്ചതിലും ഉയരത്തിലെത്തിക്കഴിഞ്ഞു. ഇതിലൂടെ അടിസ്ഥാന സാമ്പത്തിക സേവനവും സാമ്പത്തിക സുരക്ഷയും പാവങ്ങളില്‍ എത്തിക്കുക വഴി ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്. 32,000 കോടി രൂപയുടെ സഹായം ജന്‍ ധന് യോജനയിലൂടെ നടപ്പിലാക്കിക്കഴിഞ്ഞു. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ 42 പദ്ധതികളിലായി വിപുലപ്പെടുത്തിയതായും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി.