നിർമിത ബുദ്ധി കയ്യടക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം നീങ്ങുന്നത്. മനുഷ്യജീവിതത്തിന്റെ സർവ മേഖലയിലും എഐ ശക്തി പ്രാപിക്കുകയാണ്. തൊഴിലിനെ ലഘൂകരിക്കാനും ഗവേഷണം പോലുള്ള സങ്കീർണമായ ഇടങ്ങളിൽ സഹായിക്കാനും ഇന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുണ്ട്.
എന്നാൽ നയതന്ത്ര ലോകത്തും നിർമിതി ബുദ്ധി കടന്നുകയറിലാലോ? അതെ.. ചരിത്രത്തിലാദ്യമായി എഐ അധിഷ്ഠിത ഡിജിറ്റൽ വക്താവിനെ അവതരിപ്പിച്ചിരിക്കുകയാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. ‘വിക്ടോറിയ ഷി’ എന്നാണ് എഐ വക്താവിന് നൽകിയിരിക്കുന്ന പേര്. കറുത്ത വസ്ത്രമണിഞ്ഞ ഷി, കയ്യും തലയും ചലിച്ച് സംസാരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്.
👋 Meet Victoria Shi — a digital representative of the MFA of Ukraine, created using AI to provide timely updates on consular affairs!
For the first time in history, the MFA of Ukraine has presented a digital persona that will officially comment for the media. pic.twitter.com/KTtuCVR1ku
— MFA of Ukraine 🇺🇦 (@MFA_Ukraine) May 1, 2024
മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മുൻകൂട്ടി തയ്യാറാക്കിയ ഔദ്യോഗിക പ്രസ്താവനകൾ നൽകാനാണ് എഐ വക്താവിനെ സൃഷ്ടിച്ചിരിക്കുന്നത്. യുക്രെയ്ൻ ഗായികയും നടിയുമായ റൊസാലി നോംബ്രെയുടെ ശബ്ദമാണ് വക്താവിന് നൽകിയിരിക്കുന്നത്. ഷിയും നോംബ്രെയും രണ്ട് വ്യത്യസ്ത ആളുകളാണെന്നും ഔദ്യോഗിക പ്രസ്താവനകൾ നൽകുന്നത് ഷിയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഷി പറയുന്ന പ്രസ്താവനകൾ എഴുത്ത് രൂപത്തിൽ ലഭ്യമാക്കുന്നതിനായി ക്യൂആർ കോഡും സജ്ജമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലായിരിക്കും ഇത് ലഭിക്കുക.
‘ദ ഗെയിം ചേഞ്ചേഴ്സ്’ എന്ന ടീമാണ് ഷിയുടെ സൃഷ്ടിക്ക് പിന്നിൽ. നയതന്ത്രജ്ഞരുടെ സമയവും വിഭവങ്ങളും ലാഭിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. മറ്റ് രാജ്യങ്ങൾക്കും ഇത് മാതൃകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. ഡീപ്ഫേക്ക് പോലെയുള്ള പ്രശ്നങ്ങളെ ചെറുക്കുന്നതിനും മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.















