ഇടുക്കി: യുവാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തിയ സംഭവത്തിൽ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയ്‌ക്കും സിപിഒയ്‌ക്കും സ്ഥലമാറ്റം. എസ്‌ഐ എൻ.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെയാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റിയത്. വാഹന പരിശോധനയ്‌ക്കിടെ യുവാക്കൾ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന കള്ളക്കേസിനെതിരെ, യുവാവിന്റെ അമ്മ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹന പരിശോധനയ്‌ക്കിടെ പുളിയന്മല സ്വദേശി ആസിഫ്, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതേത്തുടർന്ന് ആസിഫിനെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദ്ദിച്ചെന്നും സുഹൃത്തുക്കൾ പറഞ്ഞു.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തി വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി ആസിഫിന്റെ മാതാവ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാക്കളുടെ ബൈക്ക് പിന്തുടർന്ന് പിടികൂടുന്നതിനിടെ സിപിഒ മനു നിലത്ത് വീണ് പരിക്കേറ്റതാണെന്ന് കണ്ടെത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എസ്‌ഐയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. അന്ന് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയ ബൈക്ക് ആസിഫിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നുവെന്നും ഇതിന്റെ വ്യക്തി വൈരാഗ്യമാണ് യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ കാരണമായതെന്നും ആസിഫിന്റെ മാതാവ് പറഞ്ഞു.















