NewsIndia

യാത്രക്കൂലി വര്‍ധനയില്ല; യാത്രക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് റെയില്‍വേ ബജറ്റ്

ന്യൂഡല്‍ഹി: യാത്രക്കൂലി വര്‍ധിപ്പിക്കാതെ യാത്രക്കാരുടെ ക്ഷേമം ലക്ഷ്യം വെയ്ക്കുന്ന ബജറ്റായിരുന്നു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വാരിക്കോരി പ്രഖ്യാപനങ്ങള്‍ നല്‍കുന്നതിനെക്കാള്‍ റെയില്‍വേയുടെ നവീകരണ പദ്ധതികള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. യാത്രക്കൂലിക്ക് പുറമേ ചരക്കുകൂലിയും വര്‍ധിപ്പിച്ചിട്ടില്ലെന്ന പ്രത്യേകതയും ഉണ്ട്.

റിസര്‍വേഷന്‍ തീവണ്ടികളില്‍ സാധാരണ യാത്രക്കാരെ ഉള്‍ക്കൊളളിക്കുന്നതിലെ പരിമിതി കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ റെയില്‍വേ യാത്രക്കാരുടെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ അന്ത്യോദയ എക്‌സ്പ്രസിലൂടെയും ദീന്‍ ദയാല്‍ കോച്ചുകളിലൂടെയും ഈ പ്രതിസന്ധിക്ക്  വലിയ ഒരളവ് വരെ പരിഹാരം കാണാന്‍ ബജറ്റ് ലക്ഷ്യം വെയ്ക്കുന്നു. തിരക്കുള്ള പാതകളില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന അന്ത്യോദയ എക്‌സ്പ്രസ് പൂര്‍ണമായി  റിസര്‍വേഷന്‍ മുക്തമാണ്. റിസര്‍വേഷന്‍ തീവണ്ടികളില്‍ പതിവ് യാത്രക്കാരെയും സാധാരണക്കാരെയും ഉള്‍ക്കൊള്ളിക്കാന്‍ ലക്ഷ്യമിട്ടാണ് ദീന്‍ ദയാല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിസര്‍വേഷന്‍ ആവശ്യമില്ലെന്നതാണ് ഇവയുടെയും പ്രത്യേകത.

വിനോദ സഞ്ചാര മേഖലയില്‍ നിന്നുളള വരുമാനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ടൂറിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനുകള്‍ ആരംഭിക്കാനുളള തീരുമാനവും ശ്രദ്ധേയമാണ്. വരുമാനം പങ്കിടുന്ന ഈ രീതി കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനകരമാകും. വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയണക്കിയായിരിക്കും ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ബജറ്റില്‍ മന്ത്രി മുന്നോട്ടുവെയ്ക്കുന്നു.

നിലവിലെ ഇ കേറ്ററിംഗ് സേവനം 400 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനവും യാത്രക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് നടപ്പാക്കുന്നത്. നിലവില്‍ 40 സ്റ്റേഷനുകളില്‍ മാത്രമാണ് ഇ കാറ്ററിംഗ് സംവിധാനം നിലവില്‍ ഉള്ളത്. ഐആര്‍സിറ്റിസി കാറ്ററിംഗ് യൂണിറ്റുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും സംവരണം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം പിന്നാക്ക വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും ഗുണകരമാകും. റെയില്‍വേ പോര്‍ട്ടര്‍മാരുടെ പേര് സഹായക് എന്നാക്കി മാറ്റുകയും ഇവര്‍ക്ക് പുതിയ യൂണിഫോം നല്‍കുമെന്ന പ്രഖ്യാപനവും യാത്രക്കാരെ മാത്രമല്ല റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു.

സ്റ്റേഷനിലെ വിശ്രമമുറികളുടെ ബുക്കിംഗ് മണിക്കൂര്‍ അടിസ്ഥാനത്തിലാക്കാനുള്ള തീരുമാനവും യാത്രക്കാര്‍ക്ക് സഹായകമാകും. കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ ചൂട് പാലും ചൂട് വെള്ളവും കുട്ടികള്‍ക്ക് ആവശ്യമുള്ള മറ്റ് ആഹാര വസ്തുക്കളും ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ആശ്വാസകരമാണ്. പ്രായമായതും ഭിന്നശേഷിയുളളതുമായ യാത്രക്കാരെ സഹായിക്കാന്‍ കൊങ്കണ്‍ പാതയിലെ സ്‌റ്റേഷനുകളില്‍ സാരഥി സേനയുടെ സേവനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.

റെയില്‍വേ കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ 40,000 കോടി രൂപ വകയിരുത്തിയതും ചെന്നൈയില്‍ റെയില്‍വേയുടെ ഓട്ടോ ഹബ്ബ് ആരംഭിക്കുമെന്ന പ്രഖ്യാപനവും റെയില്‍വേയുടെ വികസനത്തിന് ആക്കം പകരുന്നതാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന രീതിയിലും റെയില്‍വേ കോച്ചുകള്‍ നവീകരിക്കുന്നതും ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് വാതിലുകളും ബയോ വാക്വം ടോയ്‌ലറ്റുകളും മികച്ച സീറ്റിംഗ് രീതിയും ഉള്‍പ്പെടെയുള്ള കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിക്കാതെ പരസ്യ ഇനത്തിലൂടെയും റെയില്‍വേയുടെ സ്വത്തുവകകള്‍ പ്രയോജനപ്പെടുത്തിയും മറ്റ് ഇതരമാര്‍ഗങ്ങളിലൂടെയും വരുമാനം ഉയര്‍ത്താനാണ് ബജറ്റില്‍ ലക്ഷ്യം വെയ്ക്കുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close