ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സര്‍ക്കാര്‍ പരസ്യമാക്കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി എച്ച്.പി ചൗധരി. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെരക് ഒ ബ്രെയ്‌ന്റെ ചോദ്യത്തിനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫയലുകള്‍ എല്ലാം നാഷണല്‍ ആര്‍ക്കൈവ്‌സിന് കൈമാറിയതായും ഇനി അവരായിരിക്കും ഇത് സൂക്ഷിക്കുകയെന്നും മന്ത്രി പറഞ്ഞു. ഫയലുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പൊതുജനങ്ങള്‍ക്ക് നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. ഫയലുകള്‍ കൈമാറുന്നത് സംബന്ധിച്ച് ജപ്പാന്‍, ജര്‍മനി ബ്രിട്ടന്‍, റഷ്യ, ഇറ്റലി, യുഎസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. റഷ്യ, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്.
യുഎസ്, ഇറ്റലി, ഓസ്ട്രിയ, തുടങ്ങിയ രാജ്യങ്ങളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് നേതാജിയുടെ ബന്ധുക്കളും അഭ്യുദയകാംക്ഷികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയ്യെടുത്താണ് ഇപ്പോള്‍ ഫയലുകള്‍ പരസ്യമാക്കാന്‍ നടപടി സ്വീകരിച്ചത്.
ആദ്യഘട്ടമായി 100 ഫയലുകള്‍ നേതാജിയുടെ 119 ാം ജന്‍മവാര്‍ഷികത്തോട് അനുബന്ധിച്ച് ജനുവരിയില്‍ പരസ്യപ്പെടുത്തിയിരുന്നു. അവശേഷിച്ച ഫയലുകളാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യമന്ത്രാലയത്തിലും ആഭ്യന്തരമന്ത്രാലയത്തിലും ഉണ്ടായിരുന്ന ഫയലുകളാണ് പുറത്തുവിട്ടത്.