ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹൈജംപ് താരം തേജസ്വിന്‍ ശങ്കറിന്റെ സ്വപ്‌നം അവസാന നിമിഷം തകര്‍ന്നു. മത്സരത്തിന് തൊട്ടുമുമ്പ് മുട്ടിലെ പരിക്ക് രൂക്ഷമായതിനെ തുടര്‍ന്ന് പുരുഷ ഹൈജംപ് ഫൈനലില്‍ താരത്തിന് മത്സരിക്കാനായില്ല. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വികാരാധീനനായ തേജസ്വിന്‍ കണ്ണീരടക്കാനാകാതെ പൊട്ടിക്കരഞ്ഞു.
2022 ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ തേജസ്വിന്‍ ഇത്തവണ സ്വര്‍ണമാണ് ലക്ഷ്യമിട്ടെത്തിയത്. മികച്ച ഫോമിലായിരുന്ന താരം മെഡല്‍ നേടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പ് മുട്ടിലെ ടെന്‍ഡണ്‍ പരിക്ക് വീണ്ടും രൂക്ഷമായതോടെ മത്സരത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. ഔദ്യോഗിക രേഖകളില്‍ ‘ഡിഡ് നോട്ട് സ്റ്റാര്‍ട്ട്’ എന്ന് രേഖപ്പെടുത്തിയെങ്കിലും അവസാന നിമിഷം വരെ മത്സരിക്കാന്‍ ശ്രമിച്ചതായി താരം വ്യക്തമാക്കി.
‘ഒരു വര്‍ഷത്തില്‍ 365 ദിവസമുണ്ട്. പക്ഷേ പരിക്ക് രൂക്ഷമാകാന്‍ പാടില്ലാത്ത ദിവസം ഇതായിരുന്നു. ഇന്ന് തന്നെയാണ് അത് സംഭവിച്ചത്. ജയിക്കാനോ കുറഞ്ഞത് മെഡല്‍ നേടാനോ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഞാന്‍. അതുകൊണ്ടാണ് ഇത് കൂടുതല്‍ വേദനിപ്പിക്കുന്നത്,’ തേജസ്വിന്‍ പറഞ്ഞു. ഹൈജംപ് താരങ്ങള്‍ക്കിടയില്‍ സാധാരണ കണ്ടുവരുന്ന പറ്റെല്ല ടെന്‍ഡണ്‍ പരിക്കാണ് തനിക്കുള്ളതെന്നും, ഇതുവരെ അത് നിയന്ത്രിച്ചുകൊണ്ടാണ് കളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിക്ക് കാരണം മത്സരിക്കാനായില്ലെങ്കിലും തേജസ്വിന്‍ സ്റ്റേഡിയം വിട്ടില്ല. ഇന്ത്യന്‍ താരങ്ങളായ സര്‍വേഷ് കുഷാറിനും ആദര്‍ശ് റാം ജ്യോതിക്കും പിന്തുണയുമായി അദ്ദേഹം സൈഡ്ലൈനില്‍ തുടരുകയായിരുന്നു. 2.25 മീറ്റര്‍ ഉയരം രണ്ട് ശ്രമങ്ങളിലും മറികടക്കാനാകാതെ സമ്മര്‍ദ്ദത്തിലായിരുന്ന സര്‍വേഷിനോട്, ആ ഉയരം ഒഴിവാക്കി നേരിട്ട് 2.28 മീറ്ററിലേക്ക് പോകാന്‍ തേജസ്വിന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ സര്‍വേഷ് ആ നിര്‍ദേശം സ്വീകരിച്ചില്ല. മൂന്നാമത്തെ ശ്രമത്തില്‍ തന്നെ 2.25 മീറ്റര്‍ വിജയകരമായി മറികടന്ന് പിന്നീട് വെള്ളിമെഡല്‍ സ്വന്തമാക്കുകയായിരുന്നു.
ഹൈജംപ് നഷ്ടമായെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിലെ തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് തേജസ്വിന്‍ വ്യക്തമാക്കി. ഡെക്കാത്ത്ലോണുള്‍പ്പെടെ ബാക്കിയുള്ള ഇനങ്ങളില്‍ പങ്കെടുക്കാനാണ് ലക്ഷ്യമെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരിക്ക് ഭേദമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിക്ക് കാരണം മെഡല്‍ സ്വപ്‌നം നഷ്ടമായെങ്കിലും ടീമിനോടുള്ള പ്രതിബദ്ധതയും പോരാട്ടവീര്യവും കൊണ്ട് തേജസ്വിന്‍ ശങ്കര്‍ വീണ്ടും ഇന്ത്യന്‍ കായികപ്രേമികളുടെ ഹൃദയം കീഴടക്കി.















