മിര്‍പൂര്‍: ഏഷ്യാകപ്പ് ട്വന്റി-20 കിരീടം ഇന്ത്യയ്‌ക്ക്. മഴയെത്തുടര്‍ന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 7 പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു.
സ്വന്തം മണ്ണില്‍ കരുത്തരായ ഇന്ത്യയെ കീഴടക്കി കിരീടം നേടുകയെന്ന ബംഗ്ലാദേശിന്റെ സ്വപ്നം പൂവണിഞ്ഞില്ല. മിര്‍പൂരില്‍ തകര്‍ത്ത് പെയ്ത മഴയിലും ശക്തിയോടെ ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ആറാം ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്‌ക്ക്.
121 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് രണ്ടാം ഓവറില്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. ശിഖര്‍ ധവാനൊപ്പം വിരാട് കോഹ്‌ലി ചേര്‍ന്നതോടെ പിന്നെ റണ്‍മഴ. രണ്ടാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത് 98 റണ്‍സ്. 60 റണ്‍സ് നേടിയ ധവാനെ തസ്‌ക്കിന്‍ അഹമ്മദ് പുറത്താക്കിയെങ്കിലും പിന്നീടെത്തിയ നായകന്‍ ധോണി റണ്ണൊഴുക്കിന് വേഗത കൂട്ടി.
14 ആം ഓവറിലെ അവസാന പന്ത് സിക്‌സറിന് പറത്തി ധോണിയുടെ ക്ലാസ് ഫിനിഷിംഗ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിലാണ് 120 റണ്‍സെടുത്തത്. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത മഹ്മദുള്ളയാണ് ടോപ് സ്‌കോറര്‍. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ കളിയിലെ കേമനായപ്പോള്‍ സാബിര്‍ റഹ്മാനാണ് മാന്‍ ഓഫ് ദി സീരീസ്.