ബെര്ലിന്: കൊളോൺ ആക്രമണത്തിൽ എയ്ഞ്ചല മെർക്കൽ സർക്കാരിനെതിരെ ജർമ്മനിയിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കുടിയേറ്റ വിഷയത്തിൽ ഉദാര നിലപാട് പുലർത്തുന്ന മെർക്കലിന്റെ നയങ്ങളാണ് രാജ്യത്തെ ക്രമസമാധാനം തകരാൻ കാരണമെന്നാണ് സമരക്കാരുടെ ആരോപണം. ജർമ്മനിയിലെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിൽ സ്ത്രീകൾ ഉൾപ്പടെ ആയിരക്കണക്കിന് ജനങ്ങളാണ് സമരരംഗത്തുളളത്.
പുതുവൽസരാഘോഷങ്ങൾക്കിടെ കൊളോൺ നഗരത്തിൽ സ്ത്രീകൾ വ്യാപകമായി ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ നിലപാട് ജർമ്മനിയിൽ ശക്തമായത്. ആഫ്രിക്കൻ-അറബ് രാഷ്ട്രങ്ങളിൽ നിന്നുളള വൻതോതിലുളള കുടിയേറ്റം, ജർമ്മനിയുടെ ശാന്തമായ അന്തരീക്ഷം തകർക്കാൻ കാരണമായെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നു.
കുടിയേറ്റ വിഷയത്തിൽ ചാൻസലർ ഏഞ്ചല മെർക്കൽ പുലർത്തുന്നത് ഉദാര സമീപനമാണന്നാണ് സമരക്കാരുടെ വാദം. ഇതിനെ സാധൂകരിക്കുന്നതാണ് കഴിഞ്ഞദിവസം ജർമ്മൻ പോലീസ് പുറത്തുവിട്ട വിവരങ്ങൾ. പുതുവൽസരാഘോഷങ്ങൾക്കിടെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇത്തവണ നാൽപ്പത് ശതമാനം വർദ്ധനവുണ്ടായതായി പോലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 516 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗവും സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പോലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മെർക്കൽ സർക്കാരിനെതിരെയുളള ജനങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമായി. കഴിഞ്ഞ ദിവസവും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രക്ഷോഭകർ കൊളോണിൽ കൂറ്റൻ റാലി നടത്തിയിരുന്നു. റാലി അടിച്ചമർത്താൻ പോലീസ് ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. രാജ്യത്ത് അഭയാർത്ഥികളായെത്തിയ ആഫ്രോ-അറബ് വംശജരാണ് സ്ത്രീകളെ കൂട്ടമായി ആക്രമിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. കുടിയേറ്റ നയം പരിഷ്കരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനുളള നിലപാടിലാണ് സമരക്കാർ.
..