Columns

അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

വായുജിത് എഴുതുന്നു ..

അസഹിഷ്ണുതയുള്ളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .

ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു .

തലസ്ഥാനമായ കൊൽക്കത്തയ്ക്ക് സമീപം തല്പുക്കൂറിൽ നിന്നാണ് മറ്റൊരു വാർത്ത പുറത്ത് വന്നത് . സർക്കാർ എയ്ഡഡ് മദ്രസയിലെ പ്രധാനാദ്ധ്യാപകൻ ഇപ്പോൾ ഊരുവിലക്കിലാണത്രെ .മദ്രസയിൽ പോയിട്ട് മദ്രസ നിൽക്കുന്ന സ്ഥലത്ത് പോലും അദ്ദേഹത്തിന് പ്രവേശനമില്ലത്രെ . കഴിഞ്ഞ വർഷം ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ച് തല അടിച്ചു പൊളിച്ചിരുന്നു . അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി ഒപ്പിട്ടാണ് അദ്ദേഹം ജോലിയിൽ തുടരുന്നത്.

തീർച്ചയായും അസഹിഷ്ണുതയുടെ വാർത്തകൾ തന്നെയാണിത് . പക്ഷേ എന്തോ അസഹിഷ്ണുതാ വാദക്കാർ നിശ്ശബ്ദരാണ് . ബീഹാർ തെരഞ്ഞെടുപ്പിനു മുൻപ് വരെ മുടിയഴിച്ചാടിയും മുണ്ടുപൊക്കിച്ചാടിയും മാദ്ധ്യമ മത്തങ്ങകളിൽ കയറിക്കൂടിയ സാംസ്കാരിക നായകരും (കൂലി) എഴുത്തുകാരും അവാർഡ് ക്രയവിക്രയം നടത്തുന്നവരും പാകിസ്ഥാനിലേക്ക് പോയ അവസ്ഥയാണ് ഇപ്പോൾ.

ആദ്യ സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഈയടുത്ത് നടന്ന സംഭവങ്ങളുടെ പേരിലുമല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന സ്വയം പ്രഖ്യാപിത ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കിയത് .

ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമാണ് . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം ഇപ്പോൾ മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ .

രാജ്യം ഭരിക്കുന്ന സർക്കാരിന്റെ അസഹിഷ്ണുതയിൽ ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാനാവുന്നില്ല , ജീവിക്കാനാകുന്നില്ല എന്നൊക്കെയുള്ള വാദങ്ങൾ അരങ്ങ് തകർക്കുന്ന കാലത്താണ് ഈ സംഭവമെന്നോർക്കണം .

രണ്ടാമത്തെ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ദേശീയ ഗാനം മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചു എന്നതാണ്. പക്ഷേ ദേശീയഗാനം പഠിപ്പിച്ചതിന് കാസി മാസൂം അക്തർ എന്ന അദ്ധ്യാപകന് കിട്ടിയത് തലയ്ക്കടിയാണ് . ഒപ്പം ഊരുവിലക്കും.

ഹിന്ദുത്വ ഗാനമാണത്രെ ജനഗണമന . ഇസ്ലാം വിരുദ്ധമാണത്രെ ദേശീയഗാനം . പണ്ട് ഹിന്ദുവും മുസ്ലീമും തോളോട് തോൾ ചേർന്ന് നിന്ന് ഉച്ചത്തിൽ പാടിയ ഒരു ഗാനമായിരുന്നു വന്ദേമാതരം . പിന്നീടാണല്ലോ വന്ദേമാതരം ഹറാമായത്

ധീരദേശാഭിമാനികൾക്ക് പുളകച്ചാർത്തുകൾ സമ്മാനിച്ച, ദേശീയതയുടെ അപ്രതിരോധ്യമായ ഇച്ഛാശക്തി സമ്മാനിച്ച വന്ദേമാതരം അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു . ഇന്നത് പാടിയാൽ അവൻ ജിംഗോയിസ്റ്റായി . അത് പാടാൻ സൗകര്യമില്ലെന്ന് പറയുന്നവൻ സ്വത്വവാദിയുമായി . ആ വിധിയിതാ ജനഗണമനയേയും കാത്തിരിക്കുന്നു .

സത്യത്തിൽ എവിടെയാണ് അസഹിഷ്ണുത ? ന്യൂനപക്ഷങ്ങൾക്ക് തെരുവിലിറങ്ങാനും പോലീസിന്റെ പോലും വാഹനങ്ങൾ കത്തിക്കാനും കഴിയുന്ന ഭാരതത്തിൽ എന്ത് അസഹിഷ്ണുതയാണുള്ളത് ? ദേശീയഗാനം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്റെ തലയ്ക്കടിക്കാൻ സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എന്ത് ഫാസിസമാണുള്ളത് ? ഈ പറയുന്നവർ ഫാസിസമുള്ള നാട് കണ്ടിട്ടുണ്ടോ . അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ ?

ഒന്നു ചോദിക്കട്ടെ . തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ . കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ?

രാജ്യത്ത് നടക്കുന്ന ഏത് ചെറിയ സംഭവമായാൽ പോലും അതിന്റെ ഒരു വശത്ത് ഏതെങ്കിലും വഴിയിൽ സംഘപരിവാറിനെ കൂട്ടിക്കെട്ടാൻ കഴിയുമെങ്കിൽ ആർത്തട്ടഹസിക്കുന്ന ചാനലുകളും വാർത്താ അവതാരകരും നിശ്ശബ്ദരാണ് . ഫേസ്ബുക്കിൽ എഴുതിവിടുന്ന മാദ്ധ്യമ വൈതാളികരാകട്ടെ ഇങ്ങനെയുള്ള സംഭവങ്ങൾ അറിഞ്ഞിട്ടു പോലുമില്ല .

സമൂഹത്തിൽ അശാന്തി പടർത്താതിരിക്കാനാണ് ഈ ജാഗ്രതയെങ്കിൽ സന്തോഷമുണ്ട് . പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് നിങ്ങൾ പടർത്തിയ അശാന്തിയ്ക്ക് ആരു സമാധാനം പറയും ?

ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

ബാബാസാഹബ് അംബേദ്കർ ” പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമാണ് .

പ്രീണനം ഒന്നും അവസാനിപ്പിക്കുന്നില്ല . പുതിയ അവകാശവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നത് .

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close