തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ എന്‍ഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസുമായി ബിജെപി ധാരണയിലെത്തി. വാമനപുരം, വര്‍ക്കല, കോവളം, കൊല്ലം, ഇരവിപുരം എന്നിവയടക്കം 37 സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. അതേസമയം ബിജെപി 22 സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന മാദ്ധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തുഷാര്‍ വെളളാപ്പളളി പറഞ്ഞു.
കരുനാഗപ്പള്ളി, കുന്നത്തൂര്‍, കായംകുളം, തിരുവല്ല, റാന്നി, കുട്ടനാട്, ചേര്‍ത്തല, അരൂര്‍, വൈക്കം, ഏറ്റുമാനൂര്‍, ഇടുക്കി, ഉടുമ്പന്‍ചോല, പൂഞ്ഞാര്‍, തൊടുപുഴ, പറവൂര്‍, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂര്‍, ഷോര്‍ണൂര്‍, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂര്‍, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളും ബിഡിജെഎസിന് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇവിടുത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്ന് ബിഡിജെഎസ് നേതാക്കള്‍ പറഞ്ഞു.
പരസ്പര വിശ്വാസത്തോടെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. 26 ന് ഘടകകക്ഷികളുമായുളള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും 27 ന് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിച്ചതില്‍ അതൃപ്തി അറിയിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പളളി വ്യക്തമാക്കി. ബിഡിജെഎസ് നേതാക്കള്‍ ആരെങ്കിലും എവിടെയെങ്കിലും അങ്ങനെ പറഞ്ഞതായി കാണിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്ക് ജയസാദ്ധ്യതയുളള സീറ്റുകള്‍ അവര്‍ എടുക്കുകയും ബിഡിജെഎസിന് ജയസാദ്ധ്യതയുളള സീറ്റകള്‍ ബിഡിജെഎസ് എടുക്കുകയുമാണ് ചെയ്തിട്ടുളളതെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ആദ്യവാരം എല്ലാ ഘടകകക്ഷികളുടെയും അഖിലേന്ത്യാ നേതാക്കളെ കേരളത്തില്‍ എത്തിച്ച് കണ്വെന്ഷന് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.